കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഹാര്‍ഡ് ബോര്‍ഡ് കട്ടിലുകളുമായി എറണാകുളം ജില്ലാ ഭരണകൂടം

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഉപയോഗിക്കാൻ ഹാർഡ് ബോർഡിൽ നിർമിക്കുന്ന കട്ടിലുകളുമായി എറണാകുളം ജില്ല. പരീക്ഷണാടിസ്ഥാനത്തിൽ ആയിരം കട്ടിലുകളാണ് എറണാകുളം ജില്ലാ ഭരണകൂടം ഇറക്കുമതി ചെയ്തത്.

വില കുറവാണെങ്കിലും മികച്ച ബലവും ഒരു വർഷത്തെ വാറന്റിയും നിർമാണ കമ്പനി ഉറപ്പു നൽകുന്നുണ്ട്. മന്ത്രി സുനിൽ കുമാർ ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവർ കട്ടിലുകൾ കാണാൻ തൃക്കാക്കരയിലെ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ നേരിട്ടെത്തി.

പരമാവധി ഒരു മിനുട്ട് സമയം മതി ഹാർഡ്ബോർഡ് ഷീറ്റുകളിൽ നിന്നും 180 കിലോ ഭാരം വരെ താങ്ങുന്ന ഒരു ഉഗ്രൻ കട്ടിൽ തയ്യാറാക്കാൻ. കട്ടിലിന്റെ ബലം മന്ത്രി സുനിൽ കുമാർ നേരിട്ടെത്തി ഉറപ്പ് വരുത്തി.
രോഗികളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധന മുന്നിൽ കണ്ടാണ് ഇത്തരം കട്ടിലുകളെ കുറിച്ച് എറണാകുളം ജില്ലാ ഭരണകൂടം ചിന്തിക്കുന്നത്.

ബാംഗ്ലൂരിൽ നിന്ന് ഇറക്കുമതി ചെയ്ത കൊറുഗെറ്റഡ് കട്ടിലുകൾക്ക് മടക്കി വെക്കാവുന്ന കട്ടിലുകളെക്കാൾ ചെലവ് കുറവാണ്. എളുപ്പത്തിൽ ഹാർഡ് ബോർഡ് ഷീറ്റുകളെ മടക്കി കട്ടിലാക്കി മാറ്റാൻ സാധിക്കും. ജില്ലയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ കട്ടിലുകളാണ് ഇപ്പോൾ തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ സജ്ജമാക്കിയ കളക്ഷൻ സെന്ററിൽ എത്തിച്ചിരിക്കുന്നതെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം കട്ടിലുകൾ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് എറണാകുളം. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദ്ദേശാനുസരണം എത്തിച്ച ആദ്യത്തെ 1000 കട്ടിലുകൾ കാണാനാണ് മന്ത്രി കളക്ഷൻ സെന്ററിൽ എത്തിയത്. റൂറൽ എസ്പി കാർത്തിക്. ഡിസിപി പൂങ്കുഴലീ എന്നിവരും മന്ത്രിക്കൊപ്പം കളക്ഷൻ സെന്ററിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News