ഇന്ത്യയുടെ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ പരീക്ഷണം 375 പേരില്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്‌ ‘കോവാക്‌സിൻ’ ഡൽഹി എയിംസിൽ മനുഷ്യനിൽ പരീക്ഷിച്ചു.

ഡൽഹി സ്വദേശിയായ മുപ്പതുകാരന്‌ ആദ്യ ഡോസായി 0.5 മില്ലി വാക്‌സിൻ കുത്തിവച്ചു. രണ്ട്‌ മണിക്കൂർ കർശന നിരീക്ഷണത്തിൽ വച്ചു. ഇതുവരെ പാർശ്വഫലങ്ങളില്ല. ഒരാഴ്‌ച നിരീക്ഷിക്കും. ദിനചര്യ അതേപടി തുടരാന്‍‌ നിർദേശിച്ചു‌.

വാക്‌സിൻ പരീക്ഷണത്തിന്‌ സന്നദ്ധരായ 3500 പേരിൽ 22 പേരുടെ ആരോഗ്യക്ഷമതാ പരിശോധന നടക്കുന്നു‌. പരിശോധന പൂർത്തിയാക്കുന്നവരിൽ ശനിയാഴ്‌ച പരീക്ഷണം തുടരും. എയിംസ്‌ അടക്കം 12 കേന്ദ്രമാണ്‌ വാക്‌സിൻ പരീക്ഷണത്തിന്‌ ഐസിഎംആർ തെരഞ്ഞെടുത്തത്‌.

375 പേരിലാണ് ആദ്യഘട്ട പരീക്ഷണം. ഇതിൽ 100 എണ്ണം എയിംസിലാണ്‌. രണ്ടാം എട്ടത്തിൽ 750 പേരിൽ പരീക്ഷിക്കും. മറ്റ്‌ അസുഖങ്ങളില്ലാത്ത 18 മുതൽ 55 വരെ പ്രായമുള്ളവരിലാണ്‌ ഒന്നാംഘട്ട പരീക്ഷണം.

ഗർഭിണികളല്ലാത്ത സ്‌ത്രീകളിലും പരീക്ഷിക്കും. രണ്ടാം ഘട്ട പരീക്ഷണം 12 മുതൽ 65 വയസ്സ്‌ പ്രായമുള്ളവരിൽ.വാക്‌സിന്റെ മൂന്ന്‌ വ്യത്യസ്‌ത ഫോർമുലകളില്‍ ഒന്നിന്റെ രണ്ടു ഡോസുകൾ രണ്ടാഴ്‌ച ഇടവിട്ട്‌ ഒരാളിൽ പരീക്ഷിക്കുമെന്ന്‌ മുഖ്യ ഗവേഷകനും എയിംസിന്റെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ സഞ്ജയ് റായ്‌ പറഞ്ഞു.

ആദ്യ 50 പേർക്ക്‌ ശക്തികുറഞ്ഞ ഡോസ്‌ നൽകും. ഇത്‌ സുരക്ഷിതമാണെങ്കിൽ അടുത്ത 50 പേർക്ക്‌ ഉയർന്ന ഡോസ്‌ നൽകും. ഐസിഎംആറിന്റെയും നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഹൈദരാബാദ്‌ ആസ്ഥാനമായ ഭാരത്‌ ബയോടെക്‌ ആണ്‌ കോവാക്‌സിൻ വികസിപ്പിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here