ബഹിഷ്‌കരണം ഒരു ജനാധിപത്യ സമരമാര്‍ഗമാണ്, ഭ്രഷ്ടോ പ്രാകൃതമോ അല്ല; സിപിഐഎം തീരുമാനത്തോട് പ്രതികരിച്ച് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

ഏഷ്യാനെറ്റ് ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചാ പരുപാടിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെയും ഈ തീരുമാനത്തോട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ നടത്തിയ പ്രതികരണത്തയും വിലയിരുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍.

ബഹിഷ്‌കരണം ഒരു സമര രീതിയാണെന്നും പ്രാകൃതമാണെന്ന വാദം അപക്വമാണെന്നും ശശികുമാര്‍ പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപകന്‍ കൂടിയായ ശശികുമാറിന്റെ പ്രതികരണം.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രതിനിധികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മതിയായ സമയവും അവസരവും നല്‍കുന്നില്ലെന്നും അവതാരകര്‍ നിരന്തരമായി ഇടപെട്ട് സംസാരം തടസപ്പെടുത്തുന്നുവെന്നും ആരോപിച്ച് സിപിഎം എഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിച്ചിരിക്കുകയാണല്ലോ, ഈ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ് ?

ഇപ്പോഴത്തെ വിവാദങ്ങളില്‍, അവരുടെ പ്രതിനിധികള്‍ക്ക് പറയാനുള്ളത് പറയാന്‍ മതിയായ അവസരമോ സമയമോ കിട്ടുന്നില്ലെന്നാണ് സിപിഎം പറഞ്ഞത്. അത്തരമൊരു സാഹചര്യത്തില്‍ പ്രതിഷേധമാര്‍ഗമായി അവര്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നു. ഈ പറയുന്ന എല്ലാ ചര്‍ച്ചകളും ഞാന്‍ കണ്ടിട്ടില്ല. വായിച്ചതും പറഞ്ഞുകേട്ടതുമായ അറിവില്‍ നിന്നാണ് സംസാരിക്കുന്നത്. സിപിഎം അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ബഹിഷ്‌കരണം ഒരു പ്രതിഷേധമാര്‍ഗമാണ്. ബഹിഷ്‌കരിക്കുകയെന്നത് ജനാധിപത്യ രീതിയല്ല എന്നൊക്കെ ചിലര്‍ പറഞ്ഞതായി വായിച്ചു. എന്നാല്‍ ഒരു കാര്യം ചോദിക്കാനുള്ളത്, റിപ്പബ്ലിക് ടിവി ബഹിഷ്‌കരിക്കുന്നത് ജനാധിപത്യമല്ലെങ്കില്‍ പിന്നെയെന്താണ് ജനാധിപത്യം. അങ്ങനെയൊരു ചാനല്‍ ബോയ്‌കോട്ട് ചെയ്യുകയല്ലാതെ വേറെന്താണ് ചെയ്യുക. കണ്ടിരിക്കുകയോ ? നമുക്കത് എടുത്തുകളയാന്‍ പറ്റില്ല. അത് ജനാധിപത്യ രീതിയല്ല. അത് നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. ഞാന്‍ അതില്‍ പങ്കെടുക്കില്ല, ആ ചാനല്‍ കാണില്ല എന്നുപറഞ്ഞാല്‍, ഞാന്‍ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധനാവുക. അങ്ങനെ പറയുകയെന്നത് അവരവരുടെ അവകാശമാണ്. ചര്‍ച്ചയില്‍ മനപൂര്‍വം അവരെ മോശമാക്കുന്നുവെന്ന് സിപിഎമ്മിന് തോന്നുന്നു. ചര്‍ച്ചയില്‍ ഒരാളെ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ പങ്കെടുത്തെന്ന് വരികയും ചെയ്യും എന്നാല്‍ പങ്കെടുത്ത ആള്‍ക്ക് പറയേണ്ടത് പറയാനും പറ്റില്ല. അങ്ങനെയൊരു വൈരുദ്ധ്യമാണുള്ളത്.

സിപിഎമ്മിന്റെ ഈ ബഹിഷ്‌കരണത്തെ പ്രാകൃതമെന്നും ഭ്രഷ്ട് എന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് എംജി രാധാകൃഷ്ണന്‍ വിമര്‍ശിക്കുകയുണ്ടായി. അസഹിഷ്ണുതയാണെന്ന് പറയുന്നവരുമുണ്ട്. അത്തരം വാദങ്ങളെ എങ്ങനെയാണ് കാണുന്നത് ?

അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കാനാകില്ല. പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊന്നും പറയാനാകില്ല. ഇത് തികച്ചും ജനാധിപത്യ രീതിയാണ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ കയറി തല്ലുണ്ടാക്കിയാല്‍ അത് പ്രാകൃതമാണ്. ചാനല്‍ ഓഫീസിന് കല്ലെറിഞ്ഞാലും അങ്ങനെയാണ്. പക്ഷേ പങ്കെടുക്കില്ലെന്ന് പറയുന്നത് ജനാധിപത്യ അവകാശമല്ലേ. ഇപ്പോള്‍ നിങ്ങളുടേത് ഫെയര്‍ മൈന്‍ഡഡ് ജേണലിസം അല്ലെന്ന് എനിക്ക് തോന്നുകയാണെങ്കില്‍ അതില്‍ പങ്കെടുക്കില്ലെന്ന് എനിക്ക് തീരുമാനിക്കാം. അതുതന്നെയാണ് സിപിഎം ചെയ്തത്. അല്ലാതെ പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പ്രതിനിധികള്‍ ഇല്ലാതെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. എത്രകാലം ഇരുകൂട്ടര്‍ക്കും ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയും എന്നൊരു ചോദ്യമുണ്ടല്ലോ. എങ്ങനെയാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുക ?

സിപിഎമ്മിന് ഏഷ്യാനെറ്റിനെ ആവശ്യമുണ്ടെങ്കില്‍ അവര്‍ ബോയ്‌കോട്ട് പിന്‍വലിക്കും. അവര്‍ക്ക് ആവശ്യമില്ലെങ്കില്‍ ബഹിഷ്‌കരണം തുടരും. ഏഷ്യാനെറ്റ് മാത്രമല്ലല്ലോ മറ്റുപല ചാനലുകളുമുണ്ടല്ലോ. അവരുടെ ജേണലിസത്തില്‍ പങ്കെടുക്കുകയും പറയാനുള്ളത് പറയുകയും ചെയ്യാമല്ലോ. എന്നോട് റിപ്പബ്ലിക് ടിവിയുടെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ അതില്‍ പോയിരിക്കാന്‍ എനിക്കെന്തെങ്കിലും ബുദ്ധിമോശമുണ്ടോ ? നമ്മളെ ഇരുത്തി അപമാനിക്കുന്ന ഒരിടത്ത് പോകേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നമ്മള്‍ വേണ്ടെന്ന് വെയ്ക്കുകയല്ലേ ചെയ്യുക. ഇവിടെ കാരണം വ്യക്തമാക്കി അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതോടെ അതില്‍ ദുരൂഹതയുമില്ല. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രമെടുത്താല്‍ ബോയ്‌കോട്ട് വലിയ പ്രതിഷേധ മാര്‍ഗമായിരുന്നല്ലോ. സ്വാതന്ത്ര്യ സമരത്തില്‍ തന്നെ വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം വലിയ സമരമാര്‍ഗമായിരുന്നു. ഗാന്ധിജി നേതൃത്വം നല്‍കിയ ബഹിഷ്‌കരണ പ്രക്ഷോഭം നടന്ന രാജ്യമാണിത്. അവര്‍ നമ്മളെ മോശമായാണ് പരിഗണിക്കുന്നതെങ്കില്‍ നമ്മള്‍ ബഹിഷ്‌കരിക്കുന്നു. വേറെന്താണ് ചെയ്യുക.

പ്രശ്‌നപരിഹാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൈ എടുക്കണം എന്ന അഭിപ്രായമുണ്ടോ ?

അതെ. ഒരു മുഖ്യധാരാ മാധ്യമമായ തങ്ങളെ ഒരു പാര്‍ട്ടി ബഹിഷ്‌കരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും അവര്‍ മുന്‍കൈ എടുക്കണം. ഏഷ്യാനെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എംജി രാധാകൃഷ്ണന്‍ ഉറപ്പായിട്ടും സിപിഎം വിരുദ്ധനല്ല. അദ്ദേഹം പി ഗോവിന്ദപിള്ളയുടെ മകനാണ്. എം ജി രാധാകൃഷ്ണനോട് ബഹുമാനമുള്ള ആളാണ് ഞാന്‍. അദ്ദേഹം ഇടതുപക്ഷാഭിമുഖ്യമുള്ള വ്യക്തിയാണ്. കൂടാതെ ഫെയര്‍ മൈന്‍ഡഡ് ആയ, എത്തിക്കല്‍ ജേണലിസ്റ്റുകൂടിയാണ്. പ്രശ്‌നപരിഹാരത്തിന് ഇരുഭാഗത്തുനിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണം. ഇതൊരു തെറ്റിദ്ധാരണയാണോയെന്ന് അന്വേഷിക്കണം. പറയുന്ന രീതിയില്‍ ചാനലിന്റെ ചര്‍ച്ചകളില്‍ പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി ബോയ്‌കോട്ട് ചെയ്യണമെങ്കില്‍ നമ്മുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ആഭ്യന്തരമായ വിലയിരുത്തലുകള്‍ വേണം. നമ്മള്‍ ചെയ്തത് ശരിയാണോ, സിപിഎമ്മിനെ മോശമായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ. എന്നതൊക്കെ വിശദമായി പരിശോധിക്കണം. ഏഷ്യാനെറ്റ് ഒരുപക്ഷേ ഇതിനകം അത് നടത്തിയിട്ടുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here