കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക്: കേന്ദ്ര സര്‍ക്കാരിന് കല കുവൈറ്റ് കത്തയച്ചു

പ്രതീകാത്മക ചിത്രം

ജൂലൈ 31 വരെ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷനിലെ വിമാന സര്‍വീസുകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

വിവിധ കാരണങ്ങളാല്‍ വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഇത്തരം സര്‍വീസുകള്‍ വലിയൊരാശ്വാസമായി മാറിയിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍, സന്ദര്‍ശക വിസയില്‍ വന്ന് തിരിച്ചുപോകാന്‍ കഴിയാതിരുന്നവര്‍ തുടങ്ങി ഇത്തരത്തിലുള്ള നിരവധിയാളുകളാണ് ഇനിയും തിരിച്ചു പോകുന്നതിനായി ഇവിടെ കാത്തു നില്‍ക്കുന്നത്. മാസാവസാനത്തില്‍ സ്വന്തം ഫ്‌ളാറ്റുകള്‍ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നവര്‍ക്ക് താമസിക്കാന്‍ ഇടം കൂടി ഇല്ലാതാക്കുന്ന അവസ്ഥയാണ് ജൂലൈ 31 വരെ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വ്യോമയാന വകുപ്പിന്റെ ഈ ഉത്തരവ് ഉണ്ടാക്കിയിരിക്കുന്നത്.

വിദേശത്തു നിന്നും അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ തിരികെയെത്തിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനസര്‍വീസുകള്‍ക്കും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായിട്ടില്ല. നാട്ടിലെത്തി ആറുമാസം കഴിഞ്ഞ് മടങ്ങാനാവാത്തതിനെ തുടര്‍ന്ന് ജോലി തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഈ സാഹചര്യത്തില്‍ കുവൈറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നും പ്രവാസികള്‍ക്ക് തിരികെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കല കുവൈറ്റ് ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലുണ്ടാകാണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും, കേന്ദ്ര വ്യോമയാന മന്ത്രിക്കും, നോര്‍ക്ക വകുപ്പിനും കത്തുകള്‍ അയച്ചതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൌഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News