അർധ അതിവേഗ റെയിൽപാത; ഭൂമിക്ക്‌ നാലിരട്ടിവരെ നഷ്ടപരിഹാരം; അരലക്ഷം തൊഴിലവസരം

നിർദിഷ്ട തിരുവനന്തപുരം–കാസർകോട് അർധ അതിവേഗ റെയിൽപാതയ്‌ക്ക്‌ ഭൂമിയേറ്റെടുക്കുന്നതിലുള്ള ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന്‌ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ്‌ കോർപറേഷൻ.

പരമാവധി സ്ഥലം കുറച്ചാണ്‌ ഏറ്റെടുക്കുകയെന്നും ഭൂമിക്ക്‌ വിപണിവിലയുടെ രണ്ടുമുതൽ നാലിരട്ടിവരെ തുക നഷ്ടപരിഹാരമായി നൽകുമെന്നും കെ- റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.സുതാര്യമായ രീതിയിലാണ്‌ ഏറ്റെടുക്കലും നഷ്ടപരിഹാരമടക്കമുള്ള പുനരധിവാസവും. കഴിയുന്നത്ര ജനവാസമേഖലകൾ ഒഴിവാക്കും. വീട്, മറ്റ് കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടിത്തുക നഷ്ടപരിഹാരം ലഭിക്കും.

ഇപ്പോഴുള്ള തിരുവനന്തപുരം-മംഗളൂരു റെയിൽ പാതയ്ക്ക്‌ സമീപത്തായി ഇതേ അലൈൻമെന്റിൽ പുതിയ അതിവേഗപാത നിർമിച്ചാൽ ഇപ്പോഴുള്ള പാതയുടെ പ്രശ്നങ്ങൾ പുതിയ പാതയിലുമുണ്ടാകും. തിരുവനന്തപുരംമുതൽ തിരൂർവരെ നിലവിലുള്ള വളഞ്ഞുപുളഞ്ഞു പോകുന്ന പാതയ്ക്കു സമാന്തരമായി അതിവേഗ പാത നിർമിച്ചാൽ മണിക്കൂറിൽ നിർദിഷ്ട വേഗമായ 200 കിലോമീറ്റർ സാധ്യമാകില്ല.

ഈ പ്രശ്നമില്ലാത്ത തിരൂർ–കാസർകോട് ഭാഗത്ത്‌ ഇപ്പോഴത്തെ പാതയ്ക്കു സമാന്തരമായാണ്‌ ലൈൻ. ഇപ്പോൾ നിശ്ചയിച്ച സ്റ്റേഷനുകളെ ഫീഡർ സർവീസുകൾവഴി ബന്ധിപ്പിച്ചാൽ എല്ലാവർക്കും പ്രയോജനം ലഭിക്കുമെന്നും അജിത്‌ കുമാർ പറഞ്ഞു.

അരലക്ഷം തൊഴിലവസരം
പാത നിർമാണവുമായി ബന്ധപ്പെട്ട് അരലക്ഷം തൊഴിലവസരമാണ്‌ സൃഷ്ടിക്കപ്പെടുക. പാതയ്ക്ക്‌ സമീപമായി സർവീസ് റോഡുകൾ വരുന്നതോടെ ഭൂമി വിട്ടുനൽകുന്നവർക്ക്‌ മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. ഭൂമിയുടെ വിലയും വർധിക്കും. പരാതികൾ ഭൂമി ഏറ്റെടുക്കലിന്‌ മുമ്പുതന്നെ കൂടിയാലോചനകളിലൂടെ പരിഹരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News