കാർഗിൽ യുദ്ധവിജയത്തിന്റെ 21-ാം വാർഷികം ആചരിച്ച് രാജ്യം

രാജ്യം ഞായറാഴ്‌ച കാർഗിൽ യുദ്ധവിജയത്തിന്റെ 21-ാം വാർഷികം ആചരിക്കും. 1999ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെകാലത്താണ്‌‌ 60 ദിവസത്തിലേറെ നീണ്ട യുദ്ധം‌. കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘര്‍ഷമുണ്ടായതിനു പിന്നാലെയാണ് കാർഗിൽ വിജയദിവസം എത്തുന്നത്. രണ്ട്‌ സാഹചര്യവും ഏറെക്കുറെ സമാനം.

പാകിസ്ഥാനുമായുള്ള ബന്ധം വാജ്‌പേയി സർക്കാർ പ്രകടനാത്മകമായി മുന്നോട്ടുകൊണ്ടുപോയി. ന്യൂഡൽഹി–ലാഹോർ ബസ്‌ സർവീസ്‌ ആരംഭിച്ചു. 1999 ഫെബ്രുവരി 19ന്‌ പുറപ്പെട്ട ആദ്യബസിൽ വാജ്‌പേയി അമൃത്‌സറിൽനിന്ന്‌ കയറി. പ്രമുഖ സിനിമ, ക്രിക്കറ്റ്‌ താരങ്ങളും ഒപ്പമുണ്ടായി. വാഗാ അതിർത്തിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ് വരവേറ്റു. തുടർന്ന്‌, വാജ്‌പേയിയും ഷെരീഫും ഹെലികോപ്‌ടറിൽ ലാഹോറിലേക്ക്‌ പോയി; മറ്റുള്ളവർ ബസിലും. 21ന്‌ ഇരുരാജ്യവും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പിട്ടു.ആഘോഷത്തിനിടെ അതിർത്തിയിൽ പലതും നടന്നു.

ശ്രീനഗറിൽനിന്ന്‌ ഇരുനൂറിൽപ്പരം കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന്‌ 18,000 അടി ഉയരത്തിലുള്ള പ്രദേശമാണ്‌ കാർഗിൽ. ശ്രീനഗർ–ലേ ദേശീയപാത കടന്നുപോകുന്നതും ഇതുവഴി. കാർഗിലിന്റെ നിയന്ത്രണം പിടിച്ചാല്‍ കശ്‌മീരും ലഡാക്കും തമ്മിലുള്ള ബന്ധം മുറിക്കാം. 1998–99ലെ ശീതകാലത്ത്‌ പാക് സേനയും ഇവരുടെ പരിശീലനം ലഭിച്ചവരും കാർഗിലിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ ഭാഗത്തേക്ക്‌ നുഴഞ്ഞുകയറി.

നാട്ടുകാരായ ഇടയന്മാരാണ്‌ ‌ 1999 മെയ്‌ ആദ്യം വിദേശികളുടെ സാന്നിധ്യം കണ്ടെത്തിയത്‌. കരസേനയുടെ പട്രോൾ സംഘത്തെ നുഴഞ്ഞുകയറ്റക്കാർ വധിച്ചു. തന്ത്രപ്രധാനസ്ഥാനങ്ങൾ കൈയടക്കി. ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു. ‘ഓപ്പറേഷൻ വിജയ്‌’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങി. വ്യോമസേനയും രംഗത്തെത്തി. ദുഷ്‌കരമായ ദൗത്യത്തിൽ 527 സൈനികർ വീരമൃത്യു വരിച്ചു.

പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും വകവയ്‌ക്കാതെ സൈനികർ ധീരമായി മുന്നേറി. ദൗത്യം വിജയിച്ചതായി ജൂലൈ 14ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാകിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പൂർണമായും തുരത്തിയെന്ന്‌ കരസേന ജൂലൈ 26ന്‌ പ്രഖ്യാപിച്ചതോടെ സൈനികനടപടി അവസാനിച്ചു.ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും വുഹാനിലും മഹാബലിപുരത്തും അനൗപചാരിക ഉച്ചകോടികൾ നടത്തിയതിനു പിന്നാലെയാണ്‌ കിഴക്കൻലഡാക്കിൽ ചൈനീസ്‌ സേന അതിർത്തി ലംഘിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News