കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. വെള്ളിയാഴ്ച മരിച്ച ഷാഹിദയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ മാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 ഡോക്ടർ ഉൾപ്പടെ 50 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ആണ്.

വെള്ളിയാഴ്ച രാത്രി മരിച്ച ഷാഹിദയുടെ കൊവിഡ് പരിശോധനാഫലമാണ് പോസിറ്റീവായത്. 52 കാരിയായ ഇവർ അർബുദ രോഗിയായിരുന്നു. വ്യാഴാഴ്ചയാണ് ഷാഹിദയുടെ മാതാവ് റുഖിയാബി മരണപ്പെട്ടത്. ശേഷം നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഷാഹിദ ഉൾപ്പടെയുള്ള കുടുംബാഗങ്ങൾ നിരീക്ഷണത്തിലായിരുന്നു. ഷഹിദയുടെ മരണത്തോടെ കോഴിക്കോട്‌ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി.

ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 2 ഡോക്ടർ ഉൾപ്പടെ 50 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയത്. ഇവർക്ക് അടുത്ത ദിവസം ആൻ്റിജൻ ടെസ്റ്റ് നടത്തും. ആശുപത്രി ജീവനക്കാരായ 80 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഫാർമസിസ്റ്റിന് കൊവിഡ് കണ്ടെത്തിയത്. ഇവരുടെ വീട്ടുകാർ ക്വാറൻ്റെയിനിലാണ്. വീട് ഉൾപ്പടുന്നതടക്കം ഉണ്ണികുളം പഞ്ചായത്തിലെ 3 വാർഡുകൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

ജില്ലയിലെ 17 പഞ്ചായത്ത്, വടകര, കൊയിലാണ്ടി നഗരസഭ എന്നിവ അടച്ചു, കോഴിക്കോട് കോർപ്പറേഷനിലെ 19 ഡിവിഷനും കണ്ടെയ്ൻമെൻ്റ് സോണിലാണ്. നാദാപുരം ചെക്യാട് കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 32 പേർക്ക് ഇതോടെ രോഗബാധ ഉണ്ടായി. സമ്പർക്ക കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനം. ജില്ലയിലെ 558 പേർ കൊവിഡ് പോസിറ്റീവായി ചികിത്സലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News