അതിജീവിക്കുന്ന മനുഷ്യരാശി അറിയേണ്ട രണ്ടു രാഷ്ട്രീയവും, രണ്ടുതരം മാതൃകകളും

മനുഷ്യരാശി ഒന്നാകെ അതിജീവനത്തിനായി പൊരുതുന്ന രാഷ്ട്രീയ സാമൂഹ്യ പരിസ്ഥിതിയിലാണ് നമ്മള്‍. മനുഷ്യനോടും അവന്റെ ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്നതോ അതിജീവനത്തില്‍ അവനെ ചേര്‍ത്ത് നിര്‍ത്തുന്നതോ ആവണം രാഷ്ട്രീയം. ഈ കൊവിഡ് കാലം നമുക്ക് കാട്ടിത്തരുന്ന രണ്ട് തരം രാഷ്ട്രീയമുണ്ട് രണ്ട് തരം മാതൃകകളും.

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞതാണ് പുതിയ വാര്‍ത്ത. എന്നാല്‍ സ്ഥലത്തെ ബിജെപി കൗണ്‍സിലര്‍ കൂടിയായ ഹരികുമാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയായിരുന്നു. മൃതദേഹം കത്തിച്ച പുകയില്‍ നിന്നും കൊവിഡ് പകരുമെന്ന് തെറ്റദ്ധരിപ്പിച്ചാണ് ഇയാള്‍ നാട്ടുകാരെ തെരുവിലിറക്കിയത്.

അതേസമയം, കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ഇന്നലെ കൊവിഡ് ബാധിച്ച മരിച്ച ഒരു വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുകയുണ്ടായി. പലരും മടിച്ച് നിന്നപ്പോള്‍ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളുമുപയോഗിച്ച് ആ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നോട്ടുവന്നത് കതിരൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.

ഇന്നലെ കാസര്‍കോട് ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയുടെ മകളെ പാമ്പുകടിച്ചപ്പോള്‍ ആ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ഓടിയെത്തിയ ജിനില്‍ മാത്യു, അയാള്‍ സിപിഐഎംകാരനായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സ്‌കൂളുകളില്‍ ക്വാറന്റൈന്‍ കേന്ദ്രം തുടങ്ങിയ ചെറുപുഴ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. കൊവിഡ് കാലത്ത് പട്ടിണികിടക്കുന്ന ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കമ്യൂണിറ്റി കിച്ചണ്‍ വിമര്‍ശനങ്ങള്‍ ഉയരുംവരെ ആരംഭിക്കാതിരുന്ന കൊച്ചി കോര്‍പറേഷന്‍ ഭരണം യുഡിഎഫിന്റെ കൈയ്യിലാണ്.

കൊവിഡ് ക്വാറന്റൈന്‍ സെന്റുകളിലേക്ക് വളണ്ടിയര്‍മാരായും ഈ ദുരിതകാലത്തും ആശുപത്രികളില്‍ ആവശ്യം വരുന്ന രക്തം നല്‍കുന്നതിനുമായി ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങള്‍ നിറഞ്ഞ് നിന്നപ്പോള്‍, തങ്ങള്‍ക്ക് കീഴിലുള്ള രാഷ്ട്രീയ സാംസ്‌കാരിക കേന്ദ്രങ്ങളൊക്കെയും ക്വാറന്റൈന്‍ സെന്ററുകളാക്കാനും തദ്ദേശ ഭരണകൂടത്തിനുകീഴില്‍ കെട്ടിടങ്ങളെ ക്വാറന്റൈന്‍ സെന്ററാക്കുന്നതിനും ഒരു വിഭാഗം യുവത അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റൊരു വിഭാഗം ക്വാറന്റൈന്‍ സെന്ററുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിബന്ധനകളെല്ലാം ലംഘിച്ച് മനുഷ്യരെ അതിര്‍ത്തി കടത്താനുമാണ് താല്‍പര്യം കാണിച്ചത്.

കല്ലും മണ്ണും ചുമന്നും, വിയര്‍പ്പിന്റെ വിഹിതം മാറ്റിവച്ചും, കുപ്പിയും പാട്ടയും പെറുക്കിയും, സാധ്യമായ എല്ലാ വഴികളിലൂടെയും ഇടതുപക്ഷവും യുവജന സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചപ്പോള്‍ മറ്റൊരു വിഭാഗം കുപ്രചാരണം നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നവരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

ഇങ്ങനെ ഈ ദുരിതകാലത്തെ രാഷ്ട്രീയത്തെ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൃത്യമായി മനസിലാക്കാം അതിജീവനത്തിനായുള്ള മനുഷ്യ രാശിയുടെ ഈ പോരാട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തേണ്ടവരുടെയും അകലം പാലിക്കേണ്ടവരുടെയും രാഷ്ട്രീയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here