വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോരെന്ന് എന്‍ഐഎ; ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ വൈകുന്നു

സ്വർണക്കടത്ത്‌ കേസിലെ സുപ്രധാന കണ്ണി ഫൈസൽ ഫരീദിനെ (35) ദുബായിൽനിന്ന്‌ വിട്ടുകിട്ടാൻ വൈകുന്നു. വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമാക്കണമെന്ന്‌ എൻഐഎ. അല്ലാത്തപക്ഷം അന്വേഷണം വഴിമുട്ടുമെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

ദുബായിലുള്ള ഫൈസലിനെ രണ്ടുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്ന്‌ എൻഐഎ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചപ്പോൾ അന്വേഷണസംഘം പ്രതികരിച്ചിരുന്നു. എന്നാൽ, വാറന്റും ലുക്കൗട്ട്‌ നോട്ടീസും വന്ന്‌ രണ്ടാഴ്‌ച കഴിഞ്ഞിട്ടും യുഎഇ സർക്കാരിൽനിന്നോ വിദേശമന്ത്രാലയത്തിൽനിന്നോ പ്രതികരണമില്ല. ഇതോടെ രാജ്യാന്തര ഭീകരവാദബന്ധം സംശയിക്കുന്ന കേസിലെ എൻഐഎ അന്വേഷണം വഴിമുട്ടി‌.

സ്വർണം അയച്ചത്‌ ഫൈസൽ

കള്ളക്കടത്ത് സ്വർണം വാങ്ങാനുള്ള പണം സംഘടിപ്പിച്ചതും യുഎഇ കോൺസുലേറ്റിന്റെ വ്യാജമുദ്രയും സീലും വ്യാജരേഖകളും ഉണ്ടാക്കിയതും നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചതും ഫൈസൽ ഫരീദാണെന്നാണ്‌ എൻഐഎയുടെ കണ്ടെത്തൽ‌. പിന്നിൽ മലയാളികൾകൂടി ഉൾപ്പെട്ട ഹവാലസംഘവും ഭീകരസംഘടനകളുമായി ബന്ധമുള്ളവരും ഉണ്ടെന്നും കരുതുന്നു. ഫൈസലിനെ നാട്ടിലെത്തിച്ച്‌ ചോദ്യംചെയ്‌താൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും‌.

ഇക്കാര്യം അന്വേഷണ ഏജൻസികൾ കോടതിയെയും അറിയിച്ചു. തുടർന്നാണ്‌ 13ന്‌ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചത്‌. തൃശൂർ കയ്‌പമംഗലത്തെ വീട്ടിൽ വാറന്റ്‌ നോട്ടീസ്‌ പതിച്ചു. 16ന്‌ ഫൈസലിന്റെ പാസ്‌പോർട്ടും റദ്ദാക്കി. വീട്ടിൽ റെയ്‌ഡും നടത്തി. 18ന്‌ ഇന്റർപോൾ ലുക്കൗട്ട്‌ നോട്ടീസിറക്കി. ചെയ്യാനുള്ളതെല്ലാം ചെയ്‌തുകഴിഞ്ഞെന്നും ഇനി ഇടപെടലുകൾ ഉണ്ടാകേണ്ടത്‌ വിദേശകാര്യമന്ത്രാലയത്തിൽനിന്നാണെന്നും എൻഐഎ സംഘം പ്രതികരിച്ചു.

ഇപ്പോൾ എവിടെ

വാറന്റ്‌ വന്നപ്പോൾ മുങ്ങിയ ഫൈസലിനെക്കുറിച്ച്‌ ഇപ്പോൾ അന്വേഷണ സംഘത്തിന്‌ ഒരു വിവരവുമില്ല. വാറന്റ്‌ വന്നശേഷവും ഫൈസൽ ചില വാർത്താ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട്‌ ഫോൺ സ്വിച്ച്‌ ഓഫായി. കസ്‌റ്റംസ്‌ സംഘം ഫൈസലിന്റെ ദുബായിലുള്ള സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഫൈസൽ എവിടെയാണെന്ന വിവരമില്ല. യുഎഇ സർക്കാരിന്റെ പിടിയിലായെന്ന റിപ്പോർട്ട്‌ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ കേസ്‌ കഴിയുംവരെ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ്‌ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമായി വരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here