സംസ്ഥാനത്ത് ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; വിക്ടേഴ്‌സിന് പുറമെ പ്രാദേശിക കേബിള്‍ ടിവി വഴി പ്രദേശിക ഭാഷയിലും ക്ലാസുകള്‍

സംസ്ഥാനത്ത് ഫസ്റ്റ്ബെൽ ക്ളാസുകൾ ആയിരം പിന്നിട്ടു. വിക്ടേ‍ഴ്സ് ചാനൽ വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾ വഴിയുള്ള കന്നട – തമി‍ഴ് മീഡിയം ക്ളാസുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ആരംഭിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

കൊവിഡ്‌ മഹാമാരിയിൽ പൊതുവിദ്യാലയങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ അക്കാദമിക്‌ വർഷം നഷ്ടമാകാതിരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്‌ ജൂൺ ഒന്നിന്‌ തന്നെ ഒാൺലൈൻ ക്ളാസുകൾ ആരംഭിച്ചത്.

കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെൽ’ പദ്ധതിയിൽ ആദ്യ ഒന്നരമാസത്തിനിടയിൽ വിക്ടേഴ്സ് ചാനൽവഴി 604 ക്ളാസുകൾ, പ്രാദേശിക കേബിൾ ശൃംഖലകൾ വഴി കന്നട മീഡിയത്തിൽ 274 ക്ലാസും, തമിഴ്‌ മീഡിയത്തിൽ 163 ക്ലാസും സംപ്രേഷണം ചെയ്തു.

കൈറ്റ് വിക്ടേഴ്സിന്റെ വെബ്സ്ട്രീമിങ്ങിനായി ഒന്നര മാസത്തിൽ ഉപയോഗിച്ചത് 141 രാജ്യത്ത് നിന്നായി 442 ടെറാബൈറ്റ് ഡാറ്റയാണ്. പ്രതിമാസം യുട്യൂബ് കാണുന്നവരുടെ എണ്ണം പതിനഞ്ചുകോടി കവിഞ്ഞു. ഒരു ദിവസത്തെ ക്ലാസുകൾക്ക്‌ യുട്യൂബിൽമാത്രം 54 ലക്ഷം കാഴ്‌ചക്കാരുണ്ട്‌.

യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം 15. 8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബിൽ അനുവദിച്ചിട്ടും മാസം 15 ലക്ഷം രൂപയുടെ വരുമാനവും കൈറ്റ്‌ വിക്ടേഴ്‌സ്‌ യുട്യൂബ്‌ ചാനലിന്‌ ലഭിക്കുന്നുണ്ട്‌.

ഇൗ ക്ലാസുകൾക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ കൂടുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News