സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും; ശിവശങ്കറിനെതിരെ ഒരു തെളിവും എന്‍ഐഎക്ക് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ ഒമ്പതുമണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാവിലെ പത്തിനാരംഭിച്ച ചോദ്യം ചെയ്യലില്‍ എന്‍ഐഎയുടെ ദക്ഷിണേന്ത്യന്‍ മേധാവി കെ ബി വന്ദന ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായി.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ശിവശങ്കര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. കേസില്‍ ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണസംഘം വ്യക്തത തേടി. തുടര്‍ന്ന് പ്രസ്താവന എഴുതി വാങ്ങി.

ഇത് പരിശോധിച്ചശേഷം കൂടുതല്‍ വ്യക്തതവരുത്താനാണ് ചോദ്യം ചെയ്യല്‍ തുടരുക. ഉച്ചയോടെ കസ്റ്റംസ് സംഘവും എന്‍ഐഎ കേന്ദ്രത്തിലെത്തി. രാത്രി ഏഴോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു.

ശിവശങ്കറെ കേസില്‍ പ്രതി ചേര്‍ക്കാനാവശ്യമായ ഒരു തെളിവും എന്‍ഐഎക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എസ് രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വളരെ ആത്മവിശ്വാസത്തോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും കള്ളക്കടത്തില്‍ ശിവശങ്കറിന് പങ്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

പ്രതികളായ സ്വപ്നയും സരിത്തുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടില്ല. എന്‍ഐഎയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ട്.

ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News