തിരുവനന്തപുരത്ത് ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി; നിയന്ത്രണങ്ങള്‍ തുടരും, ജനജീവിതം സുഗമമാക്കുന്നതിന് ഇളവുകളും നല്‍കും

തിരുവനന്തപുരം ജില്ലയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും നല്‍കും. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ജില്ലയിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലയാണ് തിരുവനന്തുപുരം. അതുകൊണ്ട് ലോക്ഡൗണ്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി.

ലോക്ഡൗണിന്റെ ഭാഗമായി തലസ്ഥാനവാസികളും ജില്ലയിലെ ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകമായിട്ടുള്ള ഇളവുകള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗത്തിന്റെ വ്യാപനം വലിയ തോതില്‍ തടഞ്ഞുനിര്‍ത്താന്‍ ലോക്ഡൗണ്‍ സഹായിച്ചു. പക്ഷെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രണവിധേയമായി ഇളവുകള്‍ നല്‍കാനാണ് ആലോചന.

ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന തീരദേശമേഖലയിലും രോഗം കൂടുതലുള്ള സ്ഥലങ്ങളിലും അതേ നിയന്ത്രണങ്ങള്‍ തുടരാനും അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് ഇതര വാര്‍ഡുകളില്‍ കൂടുതല്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൈകൊള്ളാനും ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News