കോഴിക്കോട്‌ വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചത് വിവാദമാകുന്നു

കോഴിക്കോട്ട് വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ വി.കെ.അബ്ദുള്ളയുടെ ഒത്താശയോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചത് ലോക് ഡൗണ്‍ ലംഘനമാണെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.

കോവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൊടിയോ ചിഹ്നങ്ങളോ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചിഹ്നംപതിപ്പിച്ച യൂണിഫോമുമായി ശുചീകരണത്തില്‍ ഏര്‍പ്പെട്ടത്.

അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് റാപ്പിഡ് ടീം സദാ സന്നദ്ധരായിരിക്കെയാണ് പ്രസിഡന്റ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കിയതെന്ന് ഡി വൈ എഫ് ‌ഐ ആരോപിച്ചു.
പഞ്ചായത്ത് ഓഫീസ് ശുചീകരിക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ ലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് ഈ പ്രദേശത്ത് യൂത്ത് ലീഗ് പ്രവർത്തകൻ നസിറുദീനെ എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.

ലീഗ് പ്രവര്‍ത്തകന്‍ നസിറുദ്ദീന്റെ ഘാതകര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ അഴിഞ്ഞാടാനുള്ള വേദിയാക്കി മാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റ് അവസരം നല്‍കിയതായി സാമൂഹികമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരിക്കുകയാണ്.

സമ്പൂര്‍ണ ലോക്ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കെതിരേയും പഞ്ചായത്ത് ഓഫീസ് തുറന്ന് ഓഫീസ് കൈയേറിയ സംഭവത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് സി പി ഐ എം വേളം, ചേരാപുരം ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here