തിരുവനന്തപുരത്ത് രോഗ വ്യാപനം കൂടുന്നു; കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ്; 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവ്

തിരുവനന്തപുരം: തലസ്ഥാനത്ത് വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ കൊവിഡ് ബാധിതനാണ്. രാജ്യത്തിന്‍റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവാകുന്നത്. കേരളത്തിൽ ഇത് 36-ൽ ഒന്ന് എന്ന അനുപാതത്തിലാണ്. രോഗബാധിതരെ മൊത്തം കണ്ടെത്താനുള്ള സർവൈലൻസാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മേനംകുളം കിൻഫ്രാ പാർക്കിൽ 300 പേ‍രെ പരിശോധിച്ചതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു.  ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യം ശ്രദ്ധയിൽപെട്ടത് ഈ മാസം ആദ്യം, അഞ്ചാം തീയതി പൂന്തുറയിലാണ്.  ബീമാപ്പള്ളി – പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

ഡബ്ല്യുഎച്ച്ഒ മാർഗരേഖയുടെ മാതൃകയിലാണ് രോഗനിയന്ത്രണപ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പരവൂർ, കടയ്ക്കാവൂ‍ർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിച്ചി എന്നീ തീരമേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ വന്നു. പൂന്തുറയിലും പുല്ലുവിളയിലും പ്രവർത്തനപദ്ധതിയിൽ മാറ്റങ്ങൾ വരുത്തി രോഗനിയന്ത്രണപദ്ധതികൾ നടപ്പാക്കി.

തീരദേശത്തിന് പുറമേ പാറശ്ശാല, കുന്നത്തുകാൽ, പട്ടം, ബാലരാമപുരം, കാട്ടാക്കട എന്നിവിടങ്ങളിലും രോഗബാധയുണ്ട്. ഈ പ്രദേശങ്ങളിലും അതാത് പ്രദേശത്തിന് അനുസരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് വരെ 39,809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് തിരുവനന്തപുരത്ത് ചെയ്തത്. ഇതിന് പുറമേ സമൂഹവ്യാപനമറിയാൻ 6982 സെന്‍റിനൽ സാമ്പിൾ ടെസ്റ്റുകളും ചെയ്തു.

ഇന്നലെ 789 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളും നൂറോളം പൂൾഡ് സെന്‍റിനൽ ടെസ്റ്റുകളുമാണ് ചെയ്തത്. റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് ഈ മാസം നാല് മുതലാണ് ജില്ലയിൽ തുടങ്ങിയത്. ഇത് വരെ 24,823 ടെസ്റ്റുകൾ ചെയ്തു. 6282 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു. പുല്ലുവിള ഉൾപ്പടെ കടലോര മേഖലയിൽ ഇന്ന് 1150 ആന്‍റിജൻ ടെസ്റ്റ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News