കെ ഫോണിനെതിരെ ആദ്യഘട്ടത്തില്‍ ഒളിഞ്ഞും ഇപ്പോള്‍ തെളിഞ്ഞും രംഗത്തിറങ്ങുന്നതിന്റെ കാരണമെന്ത്? നുണക്കഥകള്‍ പൊളിച്ചടുക്കി സത്യം പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസ്; മന്ത്രി തോമസ് ഐസക് എഴുതുന്നു

മന്ത്രി തോമസ് ഐസകിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

20 ലക്ഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതടക്കം കേരളത്തിന്റെ ഭാവിയെ സമൂലം മാറ്റിയെഴുതുന്ന അടിസ്ഥാനസൗകര്യവികസനത്തിനു കാരണമാകുന്ന കെ-ഫോണ്‍ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍. ഇന്റര്‍നെറ്റ് കുത്തകകള്‍ക്കുനേരെ കേരളം ഉയര്‍ത്തുന്ന വെല്ലുവിളിയാണ് കെ-ഫോണ്‍.

വമ്പന്‍ നുണകള്‍ കെ-ഫോണിനെതിരെ ഉയര്‍ത്തിവിടുന്ന യുഡിഎഫുകാരോട് സഹതപിക്കുകയേ വഴിയുള്ളൂ. കാരണം ഈ പദ്ധതിയുടെ തുടക്കം 2012ല്‍ യുപിഎ സര്‍ക്കാരാണ്. ഇന്ത്യ മുഴുവന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുക എന്നൊരു പദ്ധതി അവരാണ് കൊണ്ടുവന്നത്.

നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്നായിരുന്നു പദ്ധതിയുടെ പേര്. പിന്നീടത് ഭാരത് നെറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുതുക്കി. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍വേണം പദ്ധതി നടപ്പാക്കാന്‍. സംസ്ഥാനങ്ങള്‍ക്കു നേരിട്ട് നടപ്പാക്കാം. അതല്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ വഴി നടപ്പാക്കാം. പക്ഷെ ഭാരത് നെറ്റ് അധികമൊന്നും പിന്നെ നീങ്ങിയില്ല.

പദ്ധതി കേരളത്തില്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിനു പ്രത്യേക ധനസഹായം നല്‍കാമെന്ന് അന്നത്തെ ഐറ്റി സെക്രട്ടറി അരുണ സുന്ദരരാജ് വാഗ്ദാനവും ചെയ്തു. 2015 ജൂലൈ 16-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിര്‍വഹണ രീതിയും തീരുമാനിച്ചു.

ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയില്‍ ടെണ്ടറും ക്ഷണിച്ചു.

ഈ ഘട്ടം വരെയുള്ളത് ചുരുക്കിപ്പറഞ്ഞാല്‍ പദ്ധതി യുപിഎ സര്‍ക്കാരിന്റേത്. എങ്ങനെ നടപ്പാക്കണമെന്ന രീതി നിര്‍ദ്ദേശിച്ചത് യുപിഎ സര്‍ക്കാര്‍. അതനുസരിച്ച് പദ്ധതി ഏറ്റെടുത്തത് യുഡിഎഫ് സര്‍ക്കാര്‍, കണ്‍സള്‍ട്ടന്റിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍.

അനാലിസിസ് മാസണ്‍, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നീ നാലു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ഓരോ കമ്പനിയും വ്യത്യസ്തമായി സമര്‍പ്പിച്ച സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സാങ്കേതിക സമിതി വിശദമായി പരിശോധിച്ചു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യു.സിയെ കമ്മിറ്റി തെരഞ്ഞെടുക്കുകയും 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓര്‍ക്കുക. കണ്‍സള്‍ട്ടന്റിന്റെ പരിഗണനാ വിഷയങ്ങളും ടെണ്ടറും വിളിച്ചത് യുഡിഎഫായിരുന്നു. എല്‍ഡിഎഫ് ടെണ്ടറിന്റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

2017 ലെ ബജറ്റില്‍ കെ-ഫോണ്‍ നടപ്പിലാക്കുമെന്നും ഇതിനായി 1000 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രഖ്യാപിക്കുകയും ചെയ്തു. ചില പുതിയ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഒന്ന്, എസ്പിവിയുടെ ഘടന തീരുമാനിച്ചു. കെ.എസ്.ഇ.ബിക്ക് 49 ശതമാനവും, കെ.എസ്.ഐ.ടി.ഐ.എല്ലിന് 49 ശതമാനവും സര്‍ക്കാരിന് 2 ശതമാനവും ഷെയര്‍ ഉള്ള കമ്പനിയായിരിക്കും എസ്പിവി.

രണ്ട്, അതിനുള്ള പണം കിഫ്ബി വഴി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കിട്ടില്ലെന്ന് അതിനകം വ്യക്തമായിക്കഴിഞ്ഞിരുന്നു. മൂന്ന്, ഫൈബര്‍ ഓപ്റ്റിക്കല്‍ കണക്ഷന്‍ എല്ലാ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എത്തിക്കും. നാല്, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. അങ്ങനെ കെ-ഫോണ്‍ പദ്ധതി രൂപംകൊണ്ടു.

കണ്‍സള്‍ട്ടന്റ് തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം 907.4 കോടി രൂപ മൂലധന ചെലവും ഒരു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംഗ് ചെലവ് 104.4 കോടി രൂപയും ഭരണ ചെലവ് 16.4 കോടി രൂപയും ഉള്‍പ്പെടെ 1028 കോടി രൂപയാണ് പ്രോജക്ടിന്റെ അടങ്കല്‍. 2017 മെയ് മാസം ഭരണാനുമതി നല്‍കി. എന്നാല്‍ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ഏഴുവര്‍ഷത്തേയ്ക്കുള്ള നടത്തിപ്പു ചെലവും പരിപാലനച്ചെലവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ് ചെലവ് 1638 കോടിയായി വര്‍ദ്ധിച്ചത്.

ടെന്‍ഡറില്‍ മൂന്നു കമ്പനികള്‍ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വോട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎല്‍ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എല്‍)ന് പദ്ധതി ലഭിച്ചു. ഇതിലെവിടെയാണ് അഴിമതി? ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണ് 1532 കോടി രൂപ.

ഇതൊക്കെ ഏകപക്ഷീയമായിട്ടാണോ തീരുമാനിക്കപ്പെട്ടത്? അല്ലേയല്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് – അതായത്, ടെണ്ടര്‍ നടപടികള്‍ കൈകാര്യം ചെയ്യുക, കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുക, ടെക്‌നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുന്നക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് 2017 സെപ്തംബര്‍ 8-ന് കേരള സര്‍ക്കാര്‍ ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചു.

ആ സമിതിയില്‍ കോഴിക്കോട്ടെ ഐ.ഐ.എമ്മിലെയും എന്‍.ഐ.ടിയും വിദഗ്ദര്‍, കേന്ദ്രസര്‍ക്കാരിന്റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്റെ എന്‍.ഐ.സി. കേന്ദ്രത്തിന്റെ സ്ഥാപനമായ സി-ഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. അവരുടെ മേല്‍നോട്ടത്തില്‍ നടന്ന നിശിതപരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിലെവിടെയാണ് അഴിമതിയ്ക്ക് പഴുത്?

2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. ക്വോട്ടു ചെയ്തതിനെക്കാള്‍ 17 കോടി രൂപ കൂടി ബിഇഎല്‍ ഇളവു ചെയ്തിരുന്നു എന്ന് പര്‍ച്ചേസ് കമ്മിറ്റിയുടെ മിനിട്‌സ് പരിശോധിച്ചാല്‍ വ്യക്തമാകും.

ഇനിയൊരു കാര്യംകൂടിയുണ്ട്. ടെണ്ടര്‍ എക്‌സസിന് കാബിനറ്റ് അംഗീകാരമുണ്ടോ? ഉവ്വ്. സംസ്ഥാന മന്ത്രിസഭ ഭരണാനുമതി 1548 കോടി രൂപയായി പുതുക്കി. കിഫ്ബി ലഭ്യമാക്കുന്ന 1061 കോടി രൂപ കഴിഞ്ഞ് ബാക്കിയുള്ള ചെലവിലേയ്ക്ക് 336 കോടി രൂപ മൂന്നു വര്‍ഷംകൊണ്ട് കെ-ഫോണ്‍ കമ്പനിക്ക് നല്‍കുന്നതിനും തീരുമാനിച്ചു. ബാക്കി പണം കമ്പനിതന്നെ വരുമാനത്തില്‍ നിന്നും കണ്ടെത്തണം.

ഇപ്പോള്‍ യുഡിഎഫിന്റെ ഡിമാന്റ് പി.ഡബ്ല്യു.സിയുടെ പ്രോജക്ട് മോണിറ്ററിംഗ് സ്ഥാനത്തു നിന്നും മാറ്റണമെന്നുള്ളതാണ്. ഇവരെ തെരഞ്ഞെടുത്തത് യുഡിഎഫ്. അവര്‍ ഉണ്ടാക്കിയ ഡിപിആറിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിച്ച് ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.

ഈ അന്തിമഘട്ടത്തിലെങ്കിലും കേരളത്തിലുള്ള പാവപ്പെട്ടവരുടെ വീടുകളില്‍ ഇന്റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനുള്ള പദ്ധതിയെ അട്ടിമറിക്കുന്നതിന് എന്തുമാര്‍ഗ്ഗം എന്നാണ് അവര്‍ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുന്നത്.
ആളുകളെ സംഭ്രമിപ്പിക്കുന്ന നുണക്കഥകളുടെ ഉള്ളിപൊളിച്ച് സത്യം പുറത്തുകൊണ്ടുവന്നത് കൈരളി. ബ്രിട്ടാസിന്റെ ലളിതമായ വിശദീകരണം വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News