‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’; പ്രതിവർഷം 2000 സംരംഭകര്‍; സ്റ്റാർട്ടപ്പുകൾക്ക്‌ 50 ലക്ഷം

ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മൂലധന ലഭ്യതയും വായ്‌പയും ഉറപ്പാക്കാൻ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാകും പദ്ധതി നടപ്പാക്കുക.

അഞ്ചുവർഷത്തിൽ 5000 പുതിയ ചെറുകിട, ഇടത്തരം യൂണിറ്റുകൾ തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷം 2000 സംരംഭകരെ കണ്ടെത്തുകയാണ്‌ ലക്ഷ്യം. ചുരുങ്ങിയത്‌ 1000 പുതിയ സംരംഭങ്ങൾ ആരംഭിക്കും. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ അഞ്ചു ദിവസത്തെ പരിശീലനവും ആവശ്യമായ മാർഗനിർദേശങ്ങളും നൽകും. പദ്ധതി ചെലവിന്റെ 90 ശതമാനംവരെ, പരമാവധി 50 ലക്ഷം രൂപ കെഎഫ്‌സി വായ്പ നൽകും.10 ശതമാനമായിരിക്കും പലിശ. മൂന്നു ശതമാനം സർക്കാർ വഹിക്കും.

കെഎഫ്‌സിവഴി മൂന്നു പദ്ധതി
സ്റ്റാർട്ടപ്പുകളെ അടച്ചുപൂട്ടൽ ഭീഷണിയിൽനിന്ന്‌ രക്ഷപ്പെടുത്താൻ മൂന്ന് പുതിയ പദ്ധതികൂടി കെഎഫ്സിവഴി നടപ്പാക്കും. കമ്പനികൾക്ക് ലഭിച്ചിട്ടുള്ള പർച്ചെയ്സ് ഓർഡർ അനുസരിച്ച് 10 കോടി രൂപവരെ പ്രവർത്തനമൂലധന വായ്പ അനുവദിക്കും.

സാമൂഹ്യ പ്രസക്തിയുള്ള ഉൽപ്പന്നമോ സേവനമോ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഒരു കോടിവരെയാകും വായ്പ. സെബി അക്രെഡിറ്റേഷനുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികൾക്ക് 10 കോടി ലഭിക്കും. മൂന്ന് പദ്ധതിക്കും രണ്ട്‌ ശതമാനം പലിശ സബ്സിഡി സർക്കാർ ലഭ്യമാക്കും.

പല മേഖലകളിൽ ജോലി നഷ്ടമായവർക്കും വിവിധ രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും തിരിച്ചുവരുന്നവർക്കുംവേണ്ടി പുതിയ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്‌. ഇതിനാണ്‌ കെഎഫ്‌സിയെ മുന്നിൽനിർത്തിയുള്ള പദ്ധതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here