59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ എങ്ങനെയും വിലക്ക് നീക്കാനുള്ള ശ്രമത്തിലാണ് ടിക്ടോക് അധികൃതര്‍.
ഒടുവില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരിക്കുകയാണ് ടിക് ടോക്. ഐടി വകുപ്പ് നല്‍കിയ ചോദ്യാവലിക്ക് ടിക് ടോക് വിശദമായി മറുപടി നല്‍കിയിട്ടുണ്ട്.
കമ്പനി ആസ്ഥാനം ചെെനയില്‍ നിന്ന് മാറ്റുന്നതുള്‍പ്പെടെ പല മാര്‍ഗങ്ങളും കമ്പനി തേടിയിരുന്നു. ചൈനീസ് ബന്ധം തിരിച്ചടിയാണെന്ന് തിരിച്ചറിഞ്ഞ ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനും ശ്രമിക്കുന്നുണ്ട്.
ഡാറ്റ മുഴുവന്‍ ഇന്ത്യയില്‍ സൂക്ഷിക്കാമെന്നാണ് ടിക്ടോക് കമ്പനി നിലവില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. സ്വകാര്യതയും വിശ്വാസ്യതയും ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ടിക് ടോക് വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി ജൂണ്‍ 29നാണ് ടിക് ടോക് അടക്കമുള്ള 59 ആപ്പുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയെന്നും ആശങ്കകള്‍ക്ക് ദുരീകരിക്കും വിധമാണ് മറുപടി നല്‍കിയതെന്നും ടിക് ടോക് വക്താവ് പറഞ്ഞു. കമ്പനികളുടെ മറുപടി പരിശോധിക്കാനും തീരുമാനം എടുക്കാനും സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയിലാണ് ടിക് ടോക്, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താളുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലൊന്നാണ്.
ഇന്ത്യയില്‍ മാത്രം 30 കോടി ഉപഭോക്താക്കളാണ് ടിക്ടോകിന് ഉണ്ടായിരുന്നത്.

Get real time update about this post categories directly on your device, subscribe now.