അകന്നിരിക്കേണ്ട കാലത്ത് ‘ആരവ’മുയര്‍ത്തി ഡിവൈഎഫ്ഐ ഓണ്‍ലൈന്‍ കലോത്സവം

വ്യത്യസ്തമായി കലോത്സവം സംഘടിപ്പിച്ച് മാതൃകയാകുകയാണ് ഡി വൈ എഫ് ഐ. കലാപ്രതിഭകള്‍ക്ക് ഒന്നുച്ച് ചേരാനോ വേദിയൊരുക്കി ആളുകളെ കൂട്ടാനോ സാധിക്കാത്ത ഈ കാലത്ത് വ്യത്യസ്തമായ ആശയവുമായി കടന്നു വരികയാണ് ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി.

‘ആരവം’ art of survival എന്ന പേരിലാണ് അതിജീവനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ സന്ദേശവുമായി കലോത്സവവും സംഘടിപ്പിക്കുന്നത്. ജൂലൈ 25 ന് ആരംഭിച്ച കലോത്സവം ആഗസ്റ്റ് 5ന് അവസാനിക്കും. പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന കലോത്സവം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് ആണ് ജൂലൈ 25 ന് ഉദ്ഘാടനം ചെയ്തത്.

ബ്ലോക്ക് കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ DYFI Taliparamba യിലാണ് എല്ലാ ദിവസവും 4 മണി മുതല്‍ 9 മണിവരെ കലോത്സവം കാണാന്‍ സാധിക്കുക.

15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള തളിപ്പറമ്പ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആരവം 2020 കലോത്സവത്തില്‍ ആകെ 18 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ചെറുകഥാരചന, പെയിന്‍റിംഗ് ജലച്ചായം, കവിതാരചന, പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍ രചന, ക്വിസ്, മോണോ ആക്ട ്, നാടന്‍ പാട്ട്, കവിതാലാപനം, സിനിമ ഗാനാലാപനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, ഏകപാത്ര നാടകം, ഷോര്‍ട്ട് ഫിലിം എന്നിവയാണ് മത്സര ഇനങ്ങള്‍.

പൂര്‍ണ്ണമായും കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചാണ് മത്സരങ്ങളും കലോത്സവ സംഘാടനവും നടക്കുന്നത്. തളിപ്പറമ്പ ബ്ലോക്കിലെ 259 യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന എന്ട്രികളില്‍ മേഖല കമ്മറ്റി സ്ക്രീനിംഗ് നടത്തി തെരഞ്ഞെടുക്കുന്ന ഒരു മത്സരാര്‍ത്ഥിയാണ് ബ്ലോക്ക് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. കലോത്സവത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ഓവറോള്‍ ചാമ്പ്യന്‍മാരാകുന്ന മേഖലയെയും തിരഞ്ഞെടുക്കും.

മനുഷ്യ ജീവിതം ഏറെ പ്രയാസഭരിതമായി മുന്നോട്ട് പോകുന്ന കാലത്ത് ആകുലതകള്‍ക്കപ്പുറം മനുഷ്യന് ഒന്നിക്കുന്നതിനുള്ള കലയുടെ ഇടങ്ങള്‍ ഒരുക്കുകയാണ് ഡി വൈ എഫ് ഐ . ലോകത്ത് ദുരിതങ്ങള്‍ പെയ്തിറങ്ങിയ കാലത്തെല്ലാം സമാധാനത്തിന്‍റെ സന്ദേശവുമായി കലാകാരൻമാർ തെരുവുകളിലേക്ക് ഇറങ്ങിയിട്ടുണ്ട്.

കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വേദികള്‍ നഷ്ടമായ കാലത്ത് പുതിയ തലത്തിലേക്ക് കലാ പ്രകടനങ്ങളെ പറിച്ച് നടുകയാണ് നാം. അപകടകരമായ പകര്‍ച്ച വ്യാധിയ്ക്ക് മരുന്ന് കണ്ടെത്തി കീഴ്പ്പെടുത്തുന്ന നാള്‍വരെ തൊഴിലിനും വിനോദത്തിനുമെല്ലാം നമുക്ക് പുതിയ മാതൃകകള്‍ കണ്ടെത്തേണ്ടതുണ്ട്.

മുന്‍മാതൃകകളില്ലാതെ കലപ്രകടനങ്ങള്‍ പുതിയ ഓണ്‍ലൈന്‍ വേദികളിലേക്ക് മാറ്റുകയെന്നത് ഏറെ ശ്രമകരമാണ് . ആ ശ്രമകരമായ ദൗത്യം വളരെ മികച്ചതാക്കി മാറ്റുന്നതിന് തളിപ്പറമ്പ ഡി വൈ എഫ് ഐ യ്ക്ക് സാധിച്ചു. മികച്ച നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

പൂര്‍ണ്ണമായും കലോത്സവ മാതൃകകള്‍ സ്വീകരിച്ച് പ്രോമോ വിഡിയോകളും ഡിജിറ്റല്‍ മാതൃകയിലുള്ള വിധി പ്രഖ്യാപനവും ആംഗറിംഗുമെല്ലാം കലോത്സവത്തെ വ്യത്യസ്തമാക്കുന്നു. ഈ ദുഷ്കര കാലത്ത് ഇതുപോലുള്ള പുതിയ ആശയങ്ങള്‍ കലാ സാഹിത്യ മേഖലയിലും ദൈനംദിന ജീവിത ക്രമങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം നമുക്ക് കണ്ടെത്താന്‍ സാധിക്കേണ്ടതാണ്.

ഡിവൈഎഫ്‌ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Image may contain: 1 person, text that says "ആരവം ഓൺലൈൻ കലോത്സവം 2020 ജൂലൈ 25 ആഗസ്‌ത് 05 ഡി വൈ എഫ് ഐ തളിപ്പറമ്പ 0 അഞ്ചാം ദിവസത്തിലേക്ക് ഡി വൈ എഫ് ഐ ഐ തളിപ്പറമ്പ ഫേസ്ബുക്ക് പേജിൽ"

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News