എതിർപ്പുകളെ പിഴുതെറിഞ്ഞ കുതിപ്പ്; ടെക്‌നോപാർക്കിന് 30 വയസ്

ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിലൊന്നായ ടെക്‌നോപാർക്കിന്‌‌ മുപ്പതുവയസ്സിന്റെ നിറയൗവനം. 1990 ജൂലൈ 28നാണ്‌ ഇലക്‌ട്രോണിക്‌ ടെക്‌നോളജി പാർക്‌ എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച്‌ ടെക്‌നോപാർക്‌ പിറവികൊണ്ടത്‌.

രാജ്യത്തെ ആദ്യ ഐടി പാർക്‌ എന്ന ആശയത്തിനു 1990ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ ആണ്‌ രൂപം നൽകിയത്‌. എതിർപ്പുകളെ പിഴുതെറിഞ്ഞാണ്‌ കാര്യവട്ടം ക്യാമ്പസിലെ വൈദ്യൻകുന്നെന്ന 50 ഏക്കർ കുറ്റിക്കാട്‌ ലോകത്തിന്റെ ഐടി ഭൂപടത്തിൽ ഇടംപിടിച്ച ടെക്‌നോപാർക്കായി ഇന്ന്‌ വളർന്നു പന്തലിച്ചത്‌.

ആ സ്വപ്‌നം യാഥാർഥ്യമായതിങ്ങനെ

ക്രാന്തദർശിയായ കെപിപി നമ്പ്യാരെന്ന വ്യവസായ ഉപദേഷ്ടാവിന്റെ സ്വപ്‌നത്തിനു ‌ഇ കെ നായനാരെന്ന മുഖ്യമന്ത്രിയും കെ ആർ ഗൗരിയമ്മ എന്ന വ്യവസായ മന്ത്രിയും നൽകിയ ഉറച്ച പിന്തുണയാണ്‌ ടെക്‌നോപാർക്കിന്റെ അടിത്തറ.

1991 മാർച്ച്‌ 31ന്‌ ഇ കെ നായനാർ ആദ്യശില പാകി.‌ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവു 1995 നവംബർ 18ന് രാജ്യത്തിനു സമർപ്പിച്ചു. കെ പി പി നമ്പ്യാരായിരുന്നു ആദ്യ ചെയർമാൻ. ജി വിജയരാഘവൻ ആദ്യ സിഇഒയും.5000 പ്രത്യക്ഷ തൊഴിലവസരമാണ്‌ 1989ൽ ടെക്നോപാർക് വിഭാവനം ചെയ്തതെങ്കിൽ ഇന്ന് 70,000 ഓളം പേരാണ് ഇവിടെ‌ ജോലിചെയ്യുന്നത്. മൂന്നിരട്ടിയോളം പരോക്ഷ തൊഴിലവസരങ്ങളും. ലോകത്തെ മുൻനിര കമ്പനികളടക്കം 450 കമ്പനി ഇന്ന്‌ ടെക്‌നോപാർക്കിലുണ്ട്‌. 670 ഏക്കറോളം ഭൂമിയിൽ 10.2 ദശലക്ഷം ചതുരശ്രയടി തൊഴിലിടത്തിലേക്കും‌ വളർന്നു. ലോകത്തിലെ ഏറ്റവും ഹരിതാഭമാർന്ന ഐടി ഇടമെന്ന സ്ഥാനവും ഇന്ന്‌ സ്വന്തം.

കരുത്തുപകർന്ന്‌

2016ൽ അധികാരമേറ്റ പിണറായി സർക്കാരിനു കീഴിൽ വൻ കുതിപ്പിലാണ്‌ ടെക്നോപാർക്‌. വികസനത്തിന്റെ മൂന്നു ഘട്ടം പിന്നിട്ട്‌ ടെക്‌നോസിറ്റിയും നോളജ്‌ സിറ്റിയും സ്‌പെയ്‌സ്‌ പാർക്കും അടങ്ങുന്ന നാലാംഘട്ടത്തിലെത്തി. 2016 കയറ്റുമതിയിലൂടെ നേടിയത്‌ 5000 കോടിയായിരുന്നെങ്കിൽ 2019ൽ അത്‌ 7000 കോടിയായി.

40 ശതമാനം വളർച്ച. 2016ൽ 370 കമ്പനിയാണുണ്ടായിരുന്നതെങ്കിൽ ഇന്നത്‌ 450 ആയി. നിസാൻ ഡിജിറ്റൽ, ടെക്‌ മഹീന്ദ്ര, ടെറാനെറ്റ്‌, വേ ഡോട്ട്‌ കോം, എച്ച്‌ ആൻഡ്‌ ആർ തുടങ്ങിയ ലോകോത്തര കമ്പനികളുമെത്തി. ഈ കാലയളവിൽ 17.6 ലക്ഷം ചതുരശ്രയടി കൂടി ഉപയുക്തമാക്കി. മുപ്പതാം പിറന്നാൾ വേളയിൽ കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധിയുണ്ടെങ്കിലും ഭാവിവികസനത്തിന്റെ അനന്തസാധ്യതകളിൽ ടെക്‌നോപാർക്‌ പ്രതീക്ഷയർപ്പിക്കുന്നതായി സിഇഒ ശശി പി എം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News