റഫേല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാലയിലെത്തി. ആദ്യ ബാച്ചിലെ അഞ്ചു വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. ഉച്ചയോടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ റഫേല്‍ വിമാനങ്ങള്‍ക്ക് സുഖോയ് യുദ്ധ വിമാനങ്ങള്‍ അകമ്പടിയായി.
യശസോടെ ഇന്ത്യന്‍ ആകാശം സ്പര്‍ശിക്കു എന്ന് യുദ്ധ കപ്പലായ ഐ. എന്‍. എസ്‌ന്റെ അഭിവാദ്യ സന്ദേശം. പ്രത്യഅഭിവാദത്തിലൂടെ റാഫേലില്‍ നിന്നുള്ള ആദ്യ സന്ദേശം ഇന്ത്യന്‍ മണ്ണിലേക്ക്.
അകമ്പടിയായി സുഖോയ് യുദ്ധ വിമാനങ്ങള്‍ അയച്ചും, അറേബ്യന്‍ മഹാസമുദ്രത്തിന്റെ പശ്ചിമ മേഖലയില്‍ കാവലായി നാവിക സേനയുടെ ഐ. എന്‍. എസ് കൊല്‍ക്കത്ത യുദ്ധകപ്പലിനെ നിറുത്തിയും വീരോചിതമായ വരവേല്‍പ്പാണ് സൈന്യം റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് നല്‍കിയത്.
ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശിച്ചു മണിക്കൂറിനുള്ളില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ വിമാനങ്ങള്‍ റണ്‍വേ തൊട്ടു. പിന്നാലെ ജലസലൂട്ട്. ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തു ഉയര്‍ത്തിയ റാഫേലിനെ കാണാന്‍ വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബണ്ടുരിയ എത്തി.
മണിക്കൂറില്‍ 2000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന റഫേല്‍ അടുത്ത മാസത്തോടെ പൂര്‍ണമായും വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ സൈന്യത്തിന്റെ പക്കലുള്ള വിമാനങ്ങളെക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷി, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള കഴിവ് എന്നിവയടക്കം നിരവധി പ്രതേകതകള്‍.
പുതിയ യുഗത്തിന് റഫേല്‍ തുടക്കമിട്ടുവെന്ന് ട്വീറ്റ് ചെയ്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചൈനയെ പരോക്ഷമായി പ്രകോപിപ്പിക്കാനും ശ്രമിച്ചു. ഏത് ശത്രുവിനെയും ഓടിക്കാമെന്നായിരുന്നു രാജ്‌നാഥിന്റെ സന്ദേശം.
നിരവധി അഴിമതി ആരോപണങ്ങളാണ് റഫേല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നത്. റാഫേലിന്റെ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി മോദിയുമായി ബന്ധമുള്ള അനില്‍ അംബാനിയെ തിരഞ്ഞെടുത്തതും, വിമാനത്തിന്റെ വിലയും ആരോപണ വിധേയമാണ്.
Get real time update about this post categories directly on your device, subscribe now.