ആലപ്പുഴ: പള്ളിസെമിത്തേരിയിലെ കല്ലറകള്‍ക്കിടയില്‍ ഒരുക്കിയ ചിത നിന്നു കത്തി. അതില്‍ നിന്നും ഉയര്‍ന്ന വെളിച്ചം പുതിയ ലോകത്തിനുള്ള മഹാസന്ദേശം കൂടിയായി.
മാരാരിക്കുളം സെന്റ് അഗസ്ത്യന്‍സ് പള്ളി സെമിത്തേരിയിലാണ് ചരിത്രത്തില്‍ ആദ്യമായി ചിതയൊരുങ്ങിയത്. പിന്നീട് ആലപ്പുഴ കാട്ടൂര്‍ സെന്റ്മൈക്കിള്‍സ് പള്ളി സെമിത്തേരിയിലും സമാനമായ ചിതയൊരുങ്ങി.
ലത്തീന്‍ സഭ ആലപ്പുഴ രൂപതയാണ് സെമിത്തേരികളിലും കോവിഡ് മൃതദേഹം ദഹിപ്പിക്കാന്‍ ധീരമായ തീരുമാനമെടുത്തത്. ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലാണ് ഈ വിപ്ലവ തീരുമാനത്തിന് മുന്‍കൈയെടുത്തത്. പരമ്പരാഗത രീതിയിലെ മാറ്റമായതിനാല്‍ റോമില്‍ നിന്നും അനുമതിയും തേടി.
തിങ്കളാഴ്ച്ച മരിച്ച കാനാശേരിയില്‍ ത്രേസ്യാമ്മ (62) യാണ് മാരാരിക്കുളം പള്ളിയിലെ സെമിത്തേരിയിലെ ചിതയില്‍ എരിഞ്ഞടങ്ങിയത്. കെഎല്‍സിഎ ആലപ്പുഴ രൂപതാ ജനറല്‍ സെക്രട്ടറി ഇ വി രാജു ചിതയ്ക്ക് തീകൊളുത്തി. ഫാ. ബര്‍ണാഡ് പണിക്കവീട്ടില്‍ പള്ളിക്കുള്ളില്‍ അവര്‍ക്കായി പ്രാര്‍ഥിച്ചു.
കാട്ടൂര്‍ സെന്റ്മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ തെക്കേത്തൈയ്യില്‍ മറിയാമ്മ (80) യെയും ദഹിപ്പിച്ചു. ഫാ. സാവിയോ കാര്‍മികനായി. സഭാ പിആര്‍ഒ ഫാദര്‍ സേവ്യര്‍ കുടിയാംശേരി നേതൃത്വം നല്‍കി. ചിതാഭസ്മം സെമിത്തേരികളില്‍ സംസ്‌കരിക്കുന്ന ചടങ്ങും നടന്നു. ബന്ധുക്കള്‍ക്ക് തുടര്‍ പ്രാര്‍ഥനകളും ഇവിടെ നടത്താം.
കോവിഡ് രോഗിയായി സംശയം തോന്നുവരുടെയടക്കം മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കരിക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 12 അടി താഴ്ചയില്‍ കൂഴിയെടുക്കേണ്ടി വരും. ആലപ്പുഴ പോലുള്ള തീരമേഖലയില്‍ മഴക്കാലത്ത് ഇത് അപ്രായോഗിമാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലത്തീന്‍ സഭയുടെ അത്യപൂര്‍വമായ തീരുമാനം.
കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ കത്തോലിക്കാസഭയുടെ ആലപ്പുഴ രൂപതയും വയനാട് വാരാമ്പറ്റ മഹല്ല് കമ്മിറ്റിയും കാട്ടിയ മാതൃക ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ മൃതദേഹം ഇടവക സെമിത്തേരികളില്‍ ദഹിപ്പിച്ചശേഷം ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യുകയായിരുന്നു.
ബാംഗ്ലൂരില്‍നിന്ന് തലശേരിക്കുള്ള യാത്രാമധ്യേ ബത്തേരിയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം വാരാമ്പറ്റ പള്ളി കബര്‍സ്ഥാനത്ത് മറവു ചെയ്യാന്‍ മഹല്ല് കമ്മിറ്റി സമ്മതിച്ചതും മാതൃകാപരമാണ്.
Get real time update about this post categories directly on your device, subscribe now.