അതിജീവനകാലത്ത് റെക്കോര്‍ഡ് നേട്ടവുമായി എസ്‌ഐഎഫ്എല്‍; നാല് മാസത്തിനുള്ളില്‍ 53 കോടിയുടെ ഓര്‍ഡര്‍

കോവിഡ് പ്രതിസന്ധിക്കിടയിലും ഉന്നത നിലവാരമുള്ള ഫോര്‍ജിംഗ് നിര്‍മ്മാണത്തില്‍ റെക്കോര്‍ഡനൊരുങ്ങി പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് (എസ്ഐഎഫ്എല്‍). കോവിഡ് പ്രതിസന്ധിയെ മറികടന്ന് കഴിഞ്ഞ നാലുമാസത്തിനിടെ വിവിധ മേഖലകളില്‍ നിന്ന് 53 കോടി രൂപയുടെ ഓര്‍ഡര്‍ സ്ഥാപനം സ്വന്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 67 കോടി രൂപയുടെ ഓര്‍ഡര്‍ മാത്രമാണ് സ്ഥാപനത്തിന് ലഭിച്ചിരുന്നത്. പ്രതിരോധം, ആണവം, ബഹിരാകാശ പദ്ധതികള്‍, റെയില്‍വേ, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വ്യത്യസ്ഥമായ മേഖലകളിലേക്കാണ് എസ്ഐഎഫ്എല്‍ ഫോര്‍ജിംഗ്‌സുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്. കയറ്റുമതിക്കുള്ള ഓര്‍ഡറും വന്‍തോതില്‍ ലഭ്യമായിട്ടുണ്ട്.

ന്യൂക്ലിയര്‍ മേലയിലെ അന്തര്‍വാഹിനി പ്രോജക്റ്റിലേയ്ക്ക് 10 കോടിയുടേയും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബെല്‍)ല്‍ നിന്ന് 8 കോടി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍), ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവര്‍ക്കായി 5 കോടി വീതം, ബ്രഹമോസ് മിസൈല്‍ പദ്ധതിക്ക് 3 കോടി, ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്ന് 2 കോടി എന്നിങ്ങനെയാണ് ഓര്‍ഡര്‍. ഒപ്പം വര്‍ഷാവസാനം റെയില്‍വേയില്‍ നിന്ന് 10 കോടി രൂപയുടെ ഓര്‍ഡര്‍കൂടി ലഭ്യമാകും.

ഓയില്‍, ഗ്യാസ് മേഖലയിലേക്കാവശ്യമായ ഫോര്‍ജിംഗ്‌സുകളാണ് കയറ്റുമതി നടത്തുന്നത്. ഖത്തറിലെ ഡെല്‍റ്റ ദോഹ കമ്പനിയില്‍ നിന്നാണ് ഓര്‍ഡര്‍. 2018-19ല്‍ 28 ലക്ഷത്തിന്റെ സാമ്പിള്‍ ഓര്‍ഡര്‍ ലഭിച്ചാണ് കയറ്റുമതി തുടങ്ങിയത്.

തൊട്ടടുത്ത വര്‍ഷം 2019-20ല്‍ 5 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു. ഉയര്‍ന്ന ഗുണനിലവാരം വീണ്ടും ഓര്‍ഡര്‍ ലഭിക്കുന്നതിന് കാരണമായി. ഈ സാമ്പത്തിക വര്‍ഷം 5 കോടി രൂപയുടെ ഓര്‍ഡര്‍ കൂടി ഡെല്‍റ്റയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളകമ്പനികളെ മറികടന്നാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ നേട്ടം.

വിവിധ മാര്‍ഗങ്ങളിലൂടെ ആവശ്യമായ രീതിയില്‍ രൂപകല്‍പനചെയ്‌തെടുക്കുന്ന ലോഹഭാഗങ്ങളാണ് ഫോര്‍ജിംഗുകള്‍. 1500ല്‍ കൂടുതല്‍ മോഡലുകളില്‍ എസ്‌ഐഎഫ്എല്‍ ഫോര്‍ജിംഗുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ സ്വീകരിച്ച വികസന നയങ്ങളാണ് സ്ഥാപനത്തെ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.

പ്രതിരോധ മേഖലയിലേയും ബഹിരാകാശ മേഖലയിലേയും ഫോര്‍ജിംഗുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും 8 കോടി രൂപാ ചെലവില്‍ സ്ഥാപിക്കുന്ന ഹീറ്റ് ട്രീറ്റ്‌മെന്റ് പ്രോജക്റ്റ് അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യാനാകും വിധമാണ് പ്രവര്‍ത്തനം. വൈവിധ്യവല്‍കരണത്തിനും പദ്ധതികളുണ്ട്.

കൊവിഡ് പ്രതിസന്ധിയിലും സ്ഥാപനം കാഴ്ചവെക്കുന്ന വലിയ മുന്നേറ്റം ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 32 ലക്ഷം പ്രവര്‍ത്തന ലാഭം നേടിയ കമ്പനി 49 കോടി ഉല്‍പാദനവും 46 കോടിയുടെ വിറ്റുവരവും നടത്തിയിരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ അവസാന വര്‍ഷം 2015-16ല്‍ നഷ്ടത്തിലായിരുന്നു എസ്‌ഐഎഫ്എല്‍.

ഈ സര്‍ക്കാര്‍ വന്നതോടെ തുടര്‍ച്ചയായി ലാഭത്തലേക്ക് വന്നു. ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ ഉല്‍പാദനവും, വിറ്റുവരവുമാണ് എസ്‌ഐഎഫ്എല്‍ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒരേക്കറില്‍ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News