വ്യാജ രജിസ്‌ട്രേഷന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ്; സംസ്ഥാനത്ത് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വ്യാജ നികുതി രജിസ്‌ട്രേഷന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തുന്ന റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മലപ്പുറം തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അടക്കാ കച്ചവടത്തിന്റെ മറവില്‍ വന്‍ നികുതി വെട്ടിപ്പെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

ഇതിനിടെ തനിക്ക് അടക്ക കച്ചവടമില്ലെന്നും താന്‍ അറിയാതെ തന്റെ പേരില്‍ ഹൈക്കോടതിയില്‍ ആരോ ഹര്‍ജി നല്‍കിഎന്നും ആരോപിച്ച് ഒരാള്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.

നാഗ്പൂരിലേക്ക് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അടക്കയും ലോറിയും നിലമ്പൂരില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജൂലൈ 15ന് പിടികൂടിയതോടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. അടക്കയും ലോറിയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ടേര്‍ഡ് വ്യാപാരിയായ പെരുമ്പിലാവ് സ്വദേശി പ്രശാന്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു.

ഹര്‍ജിയുടെ പ്രാഥമിക പരിഗണനാ വേളയില്‍ നികുതി രജിസ്‌ടേഷനു പിന്നില്‍ വ്യാജ രേഖകള്‍ ചമച്ചതായും ബിനാമി ഇടപാടുകള്‍ നടന്നതായും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവ. പ്ലിഡര്‍ സി.ഇ.ഉണ്ണികൃഷ്ണന്‍, ഗവ. പ്ലീഡര്‍ ഡോ. തുഷാര ജയിംസ് എന്നിവര്‍ കോടതിയെ അറിയിച്ചു.

കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കവേയാണ് ഹര്‍ജിക്കാരനായ പ്രശാന്ത് നേരിട്ട് കോടതിയില്‍ ഹാജരായി തനിക്ക് അടക്കാ കച്ചവടമില്ലന്നും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടില്ലന്നും കോടതിയെ അറിയിച്ചത്. നിലവില്‍ ഹാജരാവുന്ന അഭിഭാഷകനെ പരിചയമില്ലന്നും അറിയിച്ചു.

കൂലിപ്പണിക്കാരനായ തന്റെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്ത് നടത്തിയ തട്ടിപ്പായിരുന്നു ഇതെന്നും രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് കോടികളുടെ അടക്കാ വ്യാപാരമാണ് നടത്തിയിട്ടുള്ളതെന്നു വിശദികരിച്ചു. ഹര്‍ജിക്കാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെ കേസ് കോടതി വിശദമായ പരിഗണനക്കായി മാറ്റിവച്ചു.

ഹര്‍ജിക്കാരനു വേണ്ടി ഹാജരാവുന്നതിനായി ലീഗല്‍ എയിഡ് അഭിഭാഷകനെ നിയോഗിക്കാനും ജസ്റ്റിസ് എ.ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചു. വ്യാപാരം നടത്തിയതുമായി ബന്ധപ്പെട്ട് പത്ത് കോടിയിലധികം രൂപ ചരക്ക് സേവന നികുതിയില്‍ വെട്ടിപ്പ് നടന്നതായാണ് നികുതി വകുപ്പിന്റെ നിഗമനം. മഹാരാഷ്ട്രയയുക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്നും അടക്കാകയറ്റി വിടുന്നതിന്റെ മറവിലാണ് ഇത്തരം നികുതി വെട്ടിപ്പ് .

ബിനാമി പേരുകളില്‍ സമ്പാദിക്കുന്ന രജിസ്‌ട്രേഷന്‍ ഇ ബില്ലുകള്‍ എന്നിവ ഉപയോഗിച്ച് വ്യാപാരം നടത്തിയതിനു ശേഷം നികുതി അടക്കാതെ മുങ്ങും. നികുതി ഈടാക്കാന്‍ വകുപ്പുതല നടപടി സ്വീകരിക്കുമ്പോള്‍ മറ്റാരുടെയെങ്കിലും പേരിലാണ് രജിസ്‌ട്രേഷന്‍ എന്ന് കണ്ടെത്തും’ ഇവര്‍ക്കാകട്ടെ വ്യാപാര സ്ഥാപനമോ സാമ്പത്തിക കഴിവോ ഉണ്ടാവുകയുമില്ല. ഇത്തരം രജിസ്‌ട്രേഷന്‍ സമ്പാദിക്കുന്ന വന്‍ റാക്കറ്റിന്റെ മുഖ്യകണ്ണിയായ തവനൂര്‍ സ്വദേശി മണികണ്ഠന്‍ കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് പോലീസ് പിടിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News