പള്ളിസെമിത്തേരിയിൽ ചിത ഒരുക്കി ലത്തീൻ കത്തോലിക്കാ സഭ പുതു ചരിത്രമെഴുതുമ്പോൾ ഡോ.പോൾ ക്രിസ്‌ത്യനെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ദഹിപ്പിച്ചതും ചരിത്രം. ഡോക്ടർ പോൾക്രിസ്റ്റി ജീവിച്ചിരിക്കെ തന്നെ തന്റെ ശരീരം ദഹിപിക്കാനുള്ള അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സഭക്ക് അപേക്ഷ നൽകിയിരുന്നു.
മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതി തേടി കൊല്ലം ബിഷപ് ജോസഫ് ഫെർണാണ്ടസിന് കത്തും നൽകി. തുടർന്ന്, പോൾ ക്രിസ്‌ത്യൻ 2006ൽ മരിച്ചു. 76-ാം വയസ്സിൽ പോൾ ക്രിസ്‌ത്യൻ മരിക്കുമ്പോൾ ആലപ്പുഴ ചുടുകാട്ടിൽ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയത് ബിഷപ് സ്റ്റാൻലി റോമൻ.
82-ാം വയസ്സിൽ ഭാര്യ പാമിലയുടെ മൃതദേഹം ദഹിപ്പിച്ചത് കാലിഫോർണിയ വെഞ്ചുറാ കൗൺസിയിലെ പൊതുശ്‌മശാനത്തിൽ.അതേ സമയം പള്ളി സെമിത്തേരിയിൽ കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം ദഹിപ്പിക്കാൻ കഴിഞ്ഞ ദിവസം സഭാ നേതൃത്വം എടുത്ത തീരുമാനം പുരോഗമനപരമാണെന്ന് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപത്തെ ക്രിസ്‌ത്യൻ ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമകൂടിയായ മകൻ ഡോ. കെവിൻ കൃസ്‌ത്യൻ അഭിമാനത്തോടെ പറഞ്ഞു.
1952ൽ ജില്ലാ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചുതുടങ്ങിയ പോൾ ക്രിസ്‌ത്യൻ ബിഡിഎസ് ബിരുദം നേടിയ കൊല്ലത്തെ ആദ്യത്തെ ദന്തഡോക്ടറാണ്. കരാട്ടേ ബ്ലാക്ക് ബെൽറ്റായിരുന്ന ഡോക്ടർ വേറിട്ട ചിന്തകളിലൂടെയും പ്രവൃത്തിയിലൂടെയും ജനപ്രിയനായി. മൃതദേഹം ദഹിപ്പിക്കുന്നതിന്റെ സാധ്യത ചർച്ചയാക്കിയപ്പോൾ വിശ്വാസികളിൽ പലർക്കും ഉൾക്കൊള്ളാനായില്ല. കൊല്ലം ഭാരതരാഞ്ജി ഇടവകാംഗമായിരുന്നു ഡോക്ടർ.
കൊല്ലത്ത് സൗകര്യമില്ലാത്തതിനാലാണ് ആലപ്പുഴ പൊതുശ്‌മശാനത്തിലെ വാതകശ്മശാനത്തിൽ പോൾ ക്രിസ്‌ത്യന്റെ മൃതദേഹം ദഹിപ്പിച്ചത്. ചിതാഭസ്‌മം കൊല്ലം പള്ളിത്തോട്ടത്ത് തോപ്പുപള്ളിയിലുള്ള കുടുംബകല്ലറയിൽ സംസ്കരിച്ചു. പോൾ ക്രിസ്‌ത്യന്റെ മരണശേഷമുള്ള പത്തുവർഷം കൊല്ലത്തെ കുടുംബവീട്ടിലായിരുന്നു ഭാര്യ പാം താമസിച്ചിരുന്നത്.
ആറുവർഷം മുമ്പാണ് കാലിഫോർണിയയിലുള്ള മകൾ അനിറ്റ ക്രിസ്‌ത്യനൊപ്പം പാം താമസമാക്കിയത്. മൃതദേഹം ദഹിപ്പിച്ചശേഷം പാമിന്റെ ചിതാഭസ്മവും കൊല്ലത്ത് എത്തിച്ച് കുടുംബകല്ലറയിൽ സംസ്‌കരിച്ചു. ഡോ. റോയി ക്രിസ്‌ത്യൻ (കാലിഫോർണിയ), സോണിയ ക്രിസ്‌ത്യൻ ( കാലിഫോർണിയ) എന്നിവരാണ് പോൾ ക്രിസ്‌ത്യൻ –പാം ദമ്പതികളുടെ മറ്റു മക്കൾ.
Get real time update about this post categories directly on your device, subscribe now.