പുതിയ കപ്പൽപ്പാത മീൻപിടിത്ത മേഖലയിൽ; കേരളത്തിന്റെ ആശങ്ക തള്ളി കേന്ദ്രം; തീരമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന്

ഗുജറാത്തുമുതൽ കന്യാകുമാരിവരെ പുതിയ കപ്പൽ പാത പ്രഖ്യാപിച്ച കേന്ദ്രതീരുമാനം സംസ്ഥാനത്തിന്‌ ആശങ്കയുണ്ടാക്കുന്നത്‌. മീൻപിടിത്ത ബോട്ടുകൾ സജീവമായ പ്രദേശത്തുകൂടിയാണ്‌ പാത കടന്നുപോകുന്നത്‌. ഇതുവഴി കപ്പലുകൾ ബോട്ടിലേക്ക്‌ ഇടിച്ചുകയറി അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടതലാകും‌.

കപ്പൽ പാത മീൻപിടുത്ത പ്രദേശത്തിനപ്പുറം നിർണയിക്കണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തര ആവശ്യം പരിഗണിക്കാതെയാണ്‌ കേന്ദ്ര സർക്കാർ വിജ്ഞാപനം‌. കൊച്ചി, കൊല്ലം ജോനകപ്പുറം, നീണ്ടകര, തിരുവനന്തപുരം പൊഴിയൂർ, കന്യാകുമാരിയിലെ നീരോടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന്‌ വരുന്ന ബോട്ടുകൾക്ക്‌ പാത ഭീഷണിയാകും.

കേരളതീരത്ത്‌ 12 നോട്ടിക്കൽ മൈൽവരെയാണ്‌ മീൻ പിടിക്കാൻ‌‌ സംസ്ഥാന സർക്കാർ ലൈസൻസുള്ളത്‌. 12 നോട്ടിക്കൽ മൈലിനപ്പുറം പ്രത്യേക സാമ്പത്തികമേഖലയാണ്‌. ഇത്‌ ‌കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണുള്ളത്‌‌. 2018 നവംബർ 10നും 11നും കേരളം വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫിഷറീസ്‌ മന്ത്രിമാരുടെ യോഗത്തിൽ 50 നോട്ടിക്കൽ മൈലിനപ്പുറം‌ പാത നിർണയിക്കണമെന്ന‌ ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഇതു കാണിച്ച്‌‌ കേന്ദ്ര ഫിഷറീസ്‌ മന്ത്രിക്കും ഷിപ്പിങ്‌ ഡയറക്ടർ ജനറലിനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കത്തയക്കുകയും ചെയ്‌തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ്‌, വിജ്ഞാപനം ഇറക്കിയ വിവരം സംസ്ഥാനത്തെ അറിയിച്ചത്‌.

യോഗം ഇന്ന്‌
പ്രശ്‌നം ചർച്ചചെയ്യാൻ തീരമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം വ്യാഴാഴ്‌ച ചേരും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയാണ്‌ ചർച്ച വിളിച്ചത്‌. ഓൺലൈനിൽ പകൽ 12.30ന്‌ ആരംഭിക്കുന്ന ചർച്ചയിൽ മത്സ്യത്തൊഴിലാളി, ബോട്ടുടമ സംഘടനാ പ്രതിനിധികൾ, ഫിഷറീസ്‌, തുറമുഖ, മാരിടൈം മേഖലയിലെ വിദഗ്‌ധർ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News