രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഓഗസ്റ്റ് 14 ന് നിയമസഭ ചേരാന്‍ തീരുമാനം

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഓഗസ്റ്റ് 14 ന് നിയമസഭ ചേരാൻ തീരുമാനിച്ചു. അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ നിർദേശം ഗവർണ്ണർ കൽരാജ് മിശ്ര അംഗീകരിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് സർക്കാർ അറിയിച്ചു. സച്ചിൻ പൈലറ്റ് വിഭാഗം അട്ടിമറികൾ പ്രതീക്ഷിക്കുന്നു.

നിയമസഭ ചേരുന്നതിനെ ചൊല്ലി സർക്കാരും ഗവർണ്ണറും തമ്മിൽ നില നിന്നിരുന്ന തർക്കത്തിന് താത്കാലിക പരിഹാരം. ഓഗസ്റ്റ് 14ന് രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള സർക്കാരിന്റെ നിർദേശം ഗവർണ്ണർ കൽരാജ് മിശ്ര അംഗീകരിച്ചു. ചട്ടമനുസരിച്ചു 21 ദിവസം മുൻപ് നോട്ടീസ് നൽകി സഭാ സമ്മേളനം ചേരണം എന്ന കടുംപിടിത്തത്തിൽ ആയിരുന്നു ഗവർണ്ണർ.

ഇതേ തുടർന്ന് സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ ജൂൺ 23ന് നൽകിയ അപേക്ഷയുടെ 21 ദിവസം പൂർത്തിയാകുന്ന ഓഗസ്റ്റ് 14ന് രാജസ്ഥാൻ നിയമസഭ ചേരും. 200 അംഗ നിയമസഭയിൽ സച്ചിൻ പൈലറ്റും 18 എം. എൽ. എ മാരും വിമതരായതോടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു. നിലവിൽ രണ്ട് എം. എൽ. എ മാരുടെ കേവല ഭൂരിപക്ഷത്തിലാണ് സർക്കാർ.

കൂടുതൽ എം. എൽ. എ മാർ ബിജെപി പക്ഷത്തേക്ക് മാറുമോയെന്ന ഭയം കോൺഗ്രസ്സിനുണ്ട്. അതിനാൽ നിയമസഭ കഴിയുന്നത് വരെ ഇപ്പോൾ ഒപ്പമുള്ള എം. എൽ. എ മാരെ ഹോട്ടലുകളിൽ തന്നെ അടച്ചിടാനാണ് കോൺഗ്രസ്‌ നീക്കം. എന്നാൽ സഭ ചേരുമ്പോൾ പത്തു കോൺഗ്രസ്‌ എം. എൽ. എ മാരെങ്കിലും ഒപ്പം വരുമെന്ന് സച്ചിൻ പൈലറ്റ് വിഭാഗം അവകാശപ്പെടുന്നു. അത് കൊണ്ട് തന്നെ ഓഗസ്റ്റ് 14ന് ചേരുന്ന രാജസ്ഥാൻ നിയമസഭ സമ്മേളനം നിർണായകമാണ്.

ആറു ബിഎസ് പി എം. എൽ. എ മാർ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നതിനെതിരെ ബിജെപി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ വിധി പ്രതികൂലമായാൽ കോൺഗ്രസിന്റെ നിയമസഭയിലെ ഭൂരിപക്ഷം വീണ്ടും കുറയും. സച്ചിൻ പൈലറ്റിനും വിമത എം. എൽ. എ മാർക്കുമെതിരായ നടപടി തടഞ്ഞ രാജസ്ഥാൻ ഹൈകോടതിയ്ക്ക് എതിരെ സ്‌പീക്കർ നൽകിയ ഹർജി സുപ്രീംകോടതിയും അടുത്ത ദിവസങ്ങളിൽ പരിഗണിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here