വീണ്ടും ഇടപെടല്‍; കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റി.

ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 30ന് തന്നെ ഇപ്പോഴത്തെ ചുമതലയില്‍ നിന്നൊഴിയാനും ഓഗസ്റ്റ് പത്തിനുള്ളില്‍ നാഗ്പൂരില്‍ ജോലിക്ക് എത്താനുമാണ് നിര്‍ദ്ദേശം.

ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്. കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു.

അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.

കേസ് തങ്ങള്‍ ഉദ്ദേശിക്കുന്നരീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് കണ്ടതോടെയാണ് അനീഷ് രാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തുവന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചിരുന്നു എന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ തങ്ങളെ ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനീഷ് പ്രതികരിച്ചു. ഇതാണ് ചെന്നിത്തലയെയും കെ സുരേന്ദ്രനെയും പ്രകോപിപ്പിച്ചത്.

അനീഷിന്റെ സഹോദരനുള്ള രാഷ്ട്രീയ ബന്ധത്തിന്റെ പേരിലായിരുന്നു ഇരുവരുടെയും ആക്ഷേപവും ഭീഷണിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News