കൊവിഡിനൊപ്പം ആറ് മാസം; സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ എന്ത് പങ്കെന്ന് ചോദ്യം കേട്ടു, നാള്‍വഴി പരിശോധിച്ചാല്‍ ഉത്തരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വൈറസിനൊപ്പം കേരളത്തിന്റെ സഞ്ചാരം ആറ് മാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമായി. സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. നാള്‍വഴി പരിശോധിച്ചാല്‍ ഉത്തരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 30നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതല്‍ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ട് പോയി.

ജനുവരി 30, ഫെബ്രുവരി 2, നാല് തീയതികളിലായി മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ മാത്രമായി ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചു. മാര്‍ച്ച് എട്ടിന് വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം.

ഇതോടെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 24-ന് കേരളത്തില്‍ 105 രോഗികളാണ് ഉണ്ടായിരുന്നത്. മെയ് മൂന്നിന് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാം ഘട്ടം പിന്നിട്ടപ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയത്.

അണ്‍ലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. അതിര്‍ത്തി കടന്നും വിമാനത്തിലൂടെയും കേരളത്തിലേക്ക് ആളുകള്‍ വന്നു. 6,82,699 പേര്‍ ഇതുവരെ വന്നു. 4,19,943 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരായിരുന്നു. 2,62,756 പേര്‍ വിദേശത്ത് നിന്നും വന്നവര്‍.

ഇന്നലെ വരെ 21,298 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരായവരില്‍ 9,099 പേര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം ഘട്ടത്തില്‍ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു.

രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ച് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല. നാം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ നിയമിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടര്‍മാര്‍ക്ക് താത്കാലിക നിയമനം നല്‍കി.

6700 താത്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. കൊവിഡ് രോഗികള്‍ക്ക് മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാര്‍ഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here