സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തിയെന്നും കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഒരാള്‍ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും കരുതലിന് പുറത്താകരുത് – ലോക്ക്ഡൗണിലും അണ്‍ലോക്കിലും സര്‍ക്കാര്‍ നിലപാട് ഇത് തന്നെയായിരുന്നു.

ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി.

ക്ഷേമപെന്‍ഷന്‍ കിട്ടാത്ത 15 ലക്ഷം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കി. വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം നല്‍കി. കുടുംബശ്രീ വഴി 2,000 കോടി രൂപ വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. 1,84,474 പേര്‍ക്കായി 1,742.32 കോടി രൂപ വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ധാന്യം വിതരണം ചെയ്തു. ഫലവ്യഞ്ജന കിറ്റ് സൗജന്യമായി നല്‍കി. അങ്കണ്‍വാടികളില്‍ നിന്ന് കുട്ടികള്‍ക്ക് പോഷകാഹാരം വീടുകളില്‍ എത്തിച്ചു. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി.

ഇങ്ങിനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ കേരളം നടത്തി. കൊവിഡിനൊപ്പം ഇനിയും നാം സഞ്ചരിക്കേണ്ടി വരും. അതിന് സജ്ജമാവുകയാണ് പ്രധാനം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here