സംസ്ഥാനത്ത് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണമില്ല; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കും. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണം ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സ വേണ്ട.

മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ ഇവരെ കിടത്തുന്നത്. വീട്ടില്‍ കിടത്തിയാല്‍ പ്രശ്‌നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കും.

ത്രിതല മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തി. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവര്‍ നിശ്ചിത ദിവസം രോഗികളെ സന്ദര്‍ശിക്കും. ആരോഗ്യനിലയില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ആശുപത്രിയിലെത്തിക്കും.

സിഎഫ്എല്‍ടിസികളില്‍ കഴിയുന്നവര്‍ പലരും വീട്ടില്‍ പൊയ്‌ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുന്നത്.

എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താത്പര്യമുള്ളവര്‍ സത്യവാങ്മൂലം നല്‍കണം. ഹോം ക്വാറന്റീന്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രത്തില്‍ കഴിയാം.

ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ട്. വളരെ കുറച്ച് പേരാണ് കൊവിഡ് പ്രോട്ടോക്കോള്‍ ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിച്ചത്.

ഹോം ക്വാറന്റീന്‍ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചു. മിറ്റിഗേഷന്‍ രീതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റീന്‍ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുന്നുവെന്ന പ്രതിപക്ഷത്തിന്റെ പരിഹാസം ജനം പരിശോധിക്കട്ടെ.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News