കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയ മാതൃക; അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയതലത്തില്‍ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”തീര്‍ച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റം സംബന്ധിച്ച് എംഎച്ച്ആര്‍ഡി റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിലെ ഏറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്. എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15ഉം കേരളം നേടി.

ഇതോടൊപ്പം മറ്റൊരു കാര്യവും നാം ശ്രദ്ധിക്കണം. ഇത് പൊതുവിദ്യാലങ്ങളുടെ ഭാഗമായ കാര്യമാണ്.

പൊതുവിദ്യാലയങ്ങളല്ലാത്ത സ്ഥാപനങ്ങളില്‍ അഞ്ച് മണിക്കൂര്‍ വരെ നീളുന്ന ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുന്നു. ചിലര്‍ക്ക് രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനും ഉണ്ട്. ഇതെല്ലാം ചേര്‍ത്ത് ഏഴ് മണിക്കൂര്‍ വരെ നീളുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസ് കുട്ടിക്ക് പ്രശ്‌നമുണ്ടാകും.

ശാരീരിക അസ്വാസ്ഥ്യം മാത്രമല്ല ഇത് കുട്ടിയില്‍, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസക്കുറവ്, ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് പാടില്ല.

പൊതുവിദ്യാലങ്ങള്‍ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നല്‍കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസും ലൈവായി നടത്തണം.

പരസ്പര ആശയവിനിമയത്തിന് അവസരം ഉണ്ടാകണം. ഒരു സെഷന്‍ അര മണിക്കൂറോളം ദൈര്‍ഘ്യമുള്ളതാകണം. സെഷനുകള്‍ക്കിടയില്‍ ഇടവേള വേണം. കുട്ടികളുടെ പ്രായം കണക്കിലെടുക്കണം.

ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. അഞ്ച് മണിക്കൂര്‍ വരെ നീളുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ഭാരമാകും. രാവിലെയും, ഉച്ചയ്ക്ക് ശേഷവും എന്ന വിധത്തില്‍ ഇടവേളയിട്ട് ക്ലാസ് നടത്തണം. ഗൃഹപാഠം, അസൈന്‍മെന്റ് എന്നിവ കുറച്ച് മാത്രമേ നല്‍കാവൂ.

ഇപ്പോള്‍ കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കുന്ന സാഹചര്യമാണ്. ഓണ്‍ലൈന്‍ പഠനരീതി എങ്ങനെ വേണം എന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം വേണം. അതിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്‌കരിക്കണം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here