കാവി മങ്ങുന്ന യുവത്വം

2014ല്‍ മെയ് 26ന് ഇന്ത്യ കണിക്കണ്ട് ഉണര്‍ന്നത് മോദി നയിക്കുന്ന പുത്തന്‍ ഭരണവുമായാണ്. ഒരു പക്ഷെ ഇന്ത്യക്കാര്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന എല്ലാ ശീലങ്ങള്‍ക്കു മുകളിലുമുള്ള ഈ അപരിഷ്‌കൃത ഭരണത്തിനു ചുക്കാന്‍ പിടിച്ചതിലും പിന്തുണയേകിയവരിലും ഊര്‍ജ്ജസ്വലരായ നിരവധി യുവാക്കളുടെ ആവേശമുണ്ടായിരുന്നു.

പലരും പഴയ സര്‍ക്കാരുകള്‍ നടത്തിയ അഴിമതിക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചു. കള്ളപ്പണത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രശ്നങ്ങള്‍ മോദി വാഗ്ദാനം ചെയ്തിരുന്ന പോലെ തന്നെ പരിഹരിക്കപ്പെടുമെന്ന് അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ജയ് ഖോലിയയും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മന്ദഗതിയിലുള്ള ബ്യൂറോക്രാറ്റിക്, രാഷ്ട്രീയ വ്യവസ്ഥയില്‍ മാറ്റം വരുത്താനും ജയ് ഖോലിയ ആഗ്രഹിച്ചു.

ആ സമയത്താണ് ജയ് ഖോലിയ രാഷ്ട്രീയ സ്വയംസേവക് സംഘവുമായും (ആര്‍.എസ്.എസ്) ഭാരതീയ ജനതാ പാര്‍ട്ടിയുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തുമായി (എ.ബി.വി.പി) ബന്ധപ്പെടുന്നത്.

സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ജയ് ഖോലിയയ്ക്ക് 18 വയസ്സായിരുന്നു, ഒരു ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥി. എല്ലാ ദിവസവും പ്രാദേശിക നേതാക്കളെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും കാണുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജയ് ഖോലിയ പരമാവധി സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് ജയ് ഖോലിയ ദക്ഷിണ മുംബൈ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പിന്നീട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും നിയമിച്ചു. അപ്പോഴേക്കും ജയ് ഖോലിയ സംഘടനയുമായി ബന്ധപ്പെട്ട പലരുമായും സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് 2019 ലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പാണ് ജയ് ഖോലിയയെ എല്ലാ അര്‍ത്ഥത്തിലും ഏകാധിപരമായ ഭരണകൂട ഭീകരതയ്ക്കെതിരെ പാകപ്പെടുത്തുന്നത്.

ജെഎന്‍യുവില്‍ ജയ് ഖോലിയ താമസിച്ചിരുന്നത്, എബിവിപി സംഘടനയുടെ പ്രതിനിധിയായിട്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണമെന്ന് അനുഭവിച്ചറിയാന്‍ അവിടെ നിന്നും സാധിച്ചു. ജയ് ഖോലിയ ഏകദേശം രണ്ടാഴ്ചയോളം അവിടെ താമസിച്ചിരുന്നു. പിന്നീടെടുത്ത തീരുമാനത്തിലേക്കെത്താന്‍ ആ കാലയളവിലെ അനുഭവങ്ങള്‍ അയാളെ സഹായിച്ചു.

നീതിബോധമുള്ള വിദ്യാര്‍ത്ഥി ശബ്ദം സൃഷ്ടിക്കുന്നതില്‍ സംഘടനയുടെ പൂര്‍ണ്ണമായ കഴിവില്ലായ്മയാലും, സംഘ് കുടുംബത്തിന്റെ മറ്റൊരു പ്രചാരണ വിഭാഗമായി പ്രവര്‍ത്തിക്കേണ്ടി വന്നതും, കൂടാതെ മുസ്ലീം സാഹോദര്യത്തിനെതിരായുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെയും സൃഷ്ടിക്കപ്പെട്ട ഒരു ഹൃദയ പരിവര്‍ത്തനം ആണ് ജയ് ഖോലിയയില്‍ ഉണ്ടാക്കിയത്.

ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ക്കും തീരുമാനത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന ദിവസങ്ങള്‍ക്കുമൊടുവില്‍, ഈ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍, സംഘടനയില്‍ ഒന്നും നിയമാനുരൂപമല്ലാത്തതിനാല്‍ , ഒരു രാജിക്കത്ത് പോലും ഇല്ലാതെ അയാള്‍ സംഘടന വിട്ടു.

‘എന്നോട് അവര്‍ പറഞ്ഞതുപോലെ എനിക്ക് വലിയ പദവികളിലേക്ക് ഉയര്‍ന്നുവരാനും ശോഭനമായ ഭാവിയുണ്ടാക്കാനും കഴിയുമായിരുന്നു, പക്ഷേ ഈ നിയമത്തിനെതിരെ (സി.എ.എ ) ശബ്ദമുയര്‍ത്തുന്നതിനിടയില്‍ മുംബൈയിലെ തെരുവുകളില്‍ എന്റെ യഥാര്‍ത്ഥ സന്തോഷം ഞാന്‍ കണ്ടെത്തി.’ ജയ് ഖോലിയയുടെ വാക്കുകളാണിത്… കാവിയെന്ന ലഹരിയുടെ പക്ഷികളില്‍ നിന്നും പറന്നുയര്‍ന്ന ജയ്ഖോലിയയെപ്പോലെ നേരിന്റെ തുരുത്തുകളിലേക്ക് ഇന്ത്യന്‍ യുവത്വം ആശ്രയം തേടിയിരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News