ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും

ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.

ഏറെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്‍പ്പനയനുസരിച്ച് ബലി നല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്ന്.

ലോകമാകെ ഒരു മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. കൂട്ട പ്രാര്‍ഥന ഉള്‍പ്പെടെ പല ആഘോഷങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.

അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ . ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികള്‍ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണില്‍ തീര്‍ത്ഥാടനം നടത്തും.

ജീവിതത്തിലന്നോളം പറ്റിയ തെറ്റുകള്‍ക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നില്‍ സ്വയം സമര്‍പ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം.

സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്‍പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.

സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.

പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല.

പള്ളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബലിപെരുന്നാളിനോട് അനുബ്ധിച്ചുള്ള മൃഗബലിക്ക് നിരോധനമില്ലെങ്കിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News