സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും കഥ വീണ്ടും; ശരീരം തളര്‍ന്ന യുവാവിന് കൊവിഡ്; ആശുപത്രിയിലെത്തിച്ചത് രോഗബാധിതരായ യുവാക്കള്‍

കൊവിഡ് മഹാമാരിയുടെ കാലത്ത് സഹജീവി സ്‌നേഹത്തിന്റെയും നന്‍മയുടെയും കഥ വീണ്ടും എഴുതി ചേര്‍ക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ രണ്ടുമനുഷ്യര്‍. ശരീരം തളര്‍ന്നുകിടക്കുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സിലെത്തിച്ചത് കൊവിഡ് ബാധിതരായ രണ്ട് പേര്‍. സിപിഐഎം ശങ്കരമംഗലം ബ്രാഞ്ച് അംഗമായ സിപി നൗഫലും സുഹൃത്തുമാണ് യുവാവിനെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കാന്‍ മുന്നില്‍ നിന്നത്.

പോളിയോ ബാധിച്ച് ശരീരം തളര്‍ന്നു കിടക്കുന്ന കൊപ്പം കരിങ്ങനാട് മിഠായിതെരുവിലെ യുവാവിന്റെ വീട്ടിലെ മുഴുവന്‍ പേര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനക്ക് നേരിട്ടെത്താന്‍ കഴിയാതിരുന്ന യുവാവിനെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിനും കൊവിഡ് സ്ഥീരികരിച്ചത്. ആശുപത്രിയിലേക്ക് മാറ്റാനായി രോഗിയെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചെടുത്ത് ആംബുലന്‍സിലേക്ക് മാറ്റിയാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യതയുണ്ടാവും. ഇങ്ങനെ ആശങ്കയോടെ നില്‍ക്കുന്ന സമയത്താണ് തൊട്ടുമുന്പ് രോഗം സ്ഥീരീകരിച്ച് ആശുപത്രിയിലേക്ക് ചികിത്സക്കായി പോവാനിരിക്കുന്ന സിപിഐഎം ശങ്കരമംഗലം ബ്രാഞ്ച് അംഗമായ സിപി നൗഫലും സുഹൃത്തും കൈത്താങ്ങുമായെത്തിയത്. കൊവിഡ് ബാധിതരായ ഇരുവരും ചേര്‍ന്ന് യുവാവിനെ ആംബുലന്‍സിലേക്ക് മാറ്റി.

എല്ലാവരും മടിച്ചു നില്‍ക്കുന്ന സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യമൊഴിവാക്കാന്‍ കഴിയുന്ന സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുവാക്കള്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ നൗഫല്‍ സിഐടിയു പ്രവര്‍ത്തകന്‍ കൂടിയാണ്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളായ ഇരുവര്‍ക്കും ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥീരിച്ച സാഹചര്യത്തിലും മനഃസാന്നിധ്യം കൈവിടാതെ രോഗബാധിതനായ മറ്റൊരാളെ സഹായിക്കാനായി മുന്നോട്ടെത്തിയ നൗഫലിന്റെയും സുഹൃത്തിന്റെയും ഇടപെടല്‍ സമൂഹത്തിന് മാതൃകയാണ്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍, സിപിഐഎം പട്ടാമ്പി ഏരിയാ സെക്രട്ടറി എന്‍പി വിനയകുമാര്‍ തുടങ്ങിയവര്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News