”വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി, അറസ്റ്റില്‍; കോടതിയില്‍ പേര് ‘ലണ്ടനെ തകര്‍ക്കുന്ന സിംഗ്’ എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച സഖാവ്”: ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ എംഎ ബേബി അനുസ്മരിക്കുന്നു

സിപിഐഎം ജനറല്‍ സെക്രട്ടറി ആയിരുന്ന സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഓര്‍മ്മകള്‍ക്ക് 12 വര്‍ഷം. ലോകം ഒരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിലാണ് സഖാവിന്റെ ഓര്‍മ്മദിനം കടന്നുവരുന്നത്.

1916 മാര്‍ച്ച് 23 ന് പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ബഡാലയില്‍ ആണ് സഖാവ് സുര്‍ജിത് ജനിച്ചത് . കൗമാരകാലംമുതലേ ഒരു വിപ്ലവകാരിയാരുന്നു സഖാവ് .

1932 തന്റെ 16- ാം വയസില്‍ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ച് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് അറസ്റ്റിലായി.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്റെ പേര് ലണ്ടന്‍ തോഡ് സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ചു സഖാവ്.

ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഇരുട്ടുമുറിയില്‍ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ സഖാവ് സുര്‍ജിത്തിന്റെ കാഴ്ച മങ്ങി.

തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന ഐറിഷ് ഡോക്ടറുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തെ ഇരുട്ടു മുറിയില്‍ നിന്ന് മാറ്റിയില്ലായിരുന്നെങ്കില്‍ അന്ധത ബാധിക്കുമായിരുന്നു.

10 വര്‍ഷം ജയിലറയ്ക്കുള്ളിലും 8 വര്‍ഷം ഒളിവിലും കഴിഞ്ഞു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലേക്ക് സഖാവ് വളര്‍ന്നത് .പഞ്ചാബ് നിയമസഭാ അംഗമായും രാജ്യ സഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ എന്ന പോലെ ഖാലിസ്ഥാന്‍ തീവ്ര വാദികള്‍ക്കും, സംഘ പരിവാര്‍ വര്‍ഗീയതയ്ക്കും എതിരായി ഉറച്ചു നിന്ന് പോരാടുന്നതില്‍ സഖാവ് നേതൃത്വപരമായ പങ്കു വഹിച്ചു. അടിയുറച്ച സാമ്രാജ്യത്ത വിരുദ്ധ പോരാളി ആയിരുന്നു സഖാവ് സുര്‍ജിത്ത്.ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയ്ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു.

അന്ന് ക്യുബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വീനര്‍ ആയി ഞാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഇന്ത്യയില്‍ നിന്നും നമ്മുടെ സാമ്രാജ്യത്വ വിരുദ്ധ ബോധത്തിന്റെയും ക്യുബയോടുള്ള സാഹോദര്യത്തിന്റെയും പ്രതീകമായി ക്യുബയ്ക്ക് പ്രയോജനപ്പെടുന്ന സാധന സാമഗ്രികള്‍ സംഭാവനയായി ജനങ്ങളില്‍ നിന്നും പിരിവെടുത്തു അയച്ചു കൊടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തത്.

സോഷ്യലിസ്റ്റ് ക്യുബയ്‌ക്കെതിരായ സിഐഎയുടെയും സാമ്രാജ്യത്വത്തിന്റെയും കുടില നീക്കങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വേണം ഈ കാമ്പയിന്‍ എന്ന അഭിപ്രായം ഐക്യദാര്‍ഢ്യ സമിതിയുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ‘പൊരുതുന്ന ക്യുബയ്ക്ക് ഒരു പിടി ധാന്യം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തുക എന്ന അഭിപ്രായം ഉയര്‍ന്നു വന്നു.

പലരും ഇതിന്റെ പ്രായോഗികതെയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സമ്മതം തരികയും തിരക്കിനിടയില്‍ സമയം ഉണ്ടാക്കി ഈ പ്രവര്‍ത്തനത്തെ മുന്നില്‍ നിന്ന് കൊണ്ട് സഹായിക്കുകയും ചെയ്തത് സഖാവ് സുര്‍ജിത്ത് ആയിരുന്നു .

കേരളത്തില്‍ ഒരു ദിവസത്തെ ബക്കറ്റ് പിരിവില്‍ നിന്ന് മാത്രം 40 ലക്ഷത്തിലധികം രൂപ ശേഖരിക്കാന്‍ കഴിഞ്ഞു .ഒരുപാട് വീടുകളില്‍ നിന്നും കട കമ്പോളങ്ങളില്‍ നിന്നും ധാന്യം ശേഖരിച്ചതിനു പുറമെ ആയിരുന്നു ,ധാന്യം വാങ്ങി അയക്കാന്‍ വേണ്ടി ഇത്തരത്തില്‍ പണം ശേഖരിച്ചത്.

കാല്‍ നൂറ്റാണ്ടു മുന്‍പായിരുന്നു ഈ പ്രവര്‍ത്തനം നടന്നതെന്നും ഓര്‍ക്കുക. ബംഗാളും, ത്രിപുരയും,തമിഴ്നാടും ,ആന്ധ്രായും ,പഞ്ചാബും പോലെ ഇടതുപക്ഷത്തിന് സ്വാധീനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യയുടെ നാനാ കോണുകളില്‍ നിന്നും ധാന്യം ആയും പണമായും ക്യുബയോട് ഹൃദയം ചേര്‍ത്ത് കൊണ്ട് ഉള്ള ഐക്യദാര്‍ഢ്യ സഹായം ലഭിച്ചു .

പലവിധം ധാന്യങ്ങള്‍ ക്യുബയിലേക്ക് അയച്ചു കൊടുക്കുന്നത് ശരിയല്ല എന്നത് കൊണ്ട് അതൊക്കെ വിറ്റു കിട്ടിയ പണം കൂടി ഉപയോഗിച്ചു കൊണ്ട് ഏറ്റവും മേന്മയുള്ള പതിനായിരം ടണ്‍ ഗോതമ്പ് ,ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ മാര്‍ക്കെറ്റുകളില്‍ ഒന്നായ പഞ്ചാബിലെ ഖന്ന മാര്‍ക്കെറ്റില്‍ നിന്നാണ് സമാഹരിച്ചത്.

ഒരു ഗുഡ്‌സ് ട്രെയിനില്‍ ആണ് ഖന്നയില്‍ നിന്നും ഉത്തരേന്ത്യയുടെ ഹൃദയ ഭൂമികളിലൂടെ സഞ്ചരിച്ച് ധാന്യം കല്‍ക്കട്ടയ്ക് അടുത്തുള്ള ഹല്‍ഡിയ തുറമുഖത്തു എത്തിച്ചത്. അവിടെ നിന്ന് കരീബീയന്‍ പ്രിന്‍സസ് എന്ന കപ്പലിലാണ് അത് ക്യുബയിലെ ഹവാന തുറമുഖത്തേക്ക് കൊണ്ട് പോയത് .സഖാവ് സുര്‍ജിത്തിന്റെ സംഘടനാ പാടവം പൂര്‍ണമായി വെളിപ്പെട്ട ഒരനുഭവം ആയിരുന്നു ഇത് .

40 ദിവസം കഴിഞ്ഞു ഹവാന തുറമുഖത്തു കരീബിയന്‍ പ്രിന്‍സസ് ഇന്ത്യയില്‍ നിന്നുള്ള ധാന്യവുമായെത്തി നങ്കൂരം ഇട്ട വേളയില്‍ അവിടെ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സംബന്ധിക്കാനും സഖാവ് സുര്‍ജിത്തിനൊപ്പം അവസരം കിട്ടിയതോര്‍ക്കുന്നു. തുടര്‍ന്നു സഖാവ് ഫിദലിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ച മൂന്നു മണിക്കൂറോളം നീണ്ടു.

അന്ന് ഇന്ത്യയെ പിടിച്ചുലച്ചു കൊണ്ടിരുന്ന ബാബ്റി മസ്ജിത് സംഘര്‍ഷത്തിന്റെ വിശദശാംശങ്ങള്‍ ആയിരുന്നു സുര്‍ജിത്തില്‍ നിന്നും ഫിദല്‍ കാസ്ട്രോയ്ക്ക് അറിയേണ്ടിയിരുന്നത് .

ലോകം കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സഖാവ് സുര്‍ജിത്ത് തെളിച്ച മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും പാത നമുക്ക് കരുത്തും ഊര്‍ജവും പകരും.

2008 ആഗസ്റ്റ് മാസം 1 -ാം തീയതി ആണ് സഖാവ് നമ്മെ വിട്ടു പിരിഞ്ഞത്. പ്രിയ സഖാവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News