അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ഇടപ്പള്ളി സ്വദേശിയുമായ ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 80 വയസുകാരനായ ദേവസി ആലുങ്കല്‍ മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായിരുന്നു ദേവസി ആലുങ്കല്‍. സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം അനുഭവിച്ചു. കളമശേരി-ഏലൂര്‍ മേഖലയില്‍ പ്രമുഖ എച്ച്എംഎസ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. 1979 ലും 1991ലും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇടപ്പള്ളി ബ്ലോക്ക് ബിഡിസി ചെയര്‍മാന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, കെഎസ്എഫ്ഇ ബോര്‍ഡ് അംഗം എന്നീ നിലകളിലും ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിരുന്നു.

തോപ്പില്‍ പൈപ്പ് ലൈന്‍ റോഡിന് സമീപം ആലുങ്കല്‍ വീട്ടിലാണ് താമസം. ഭാര്യ ബേബി വരാപ്പുഴ വിതയത്തില്‍ കുടുംബാംഗം. മക്കള്‍ അഡ്വ ജോര്‍ജ് ആലുങ്കല്‍, പോള്‍ ആലുങ്കല്‍ മരുമക്കള്‍ ടിന്റു ജോര്‍ജ്, നിഹില്‍ പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here