കോട്ടയം സ്വദേശി എന്ന കവിത മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് സമര്‍പ്പിച്ച് കവിയും മാധ്യമപ്രവര്‍ത്തകനുമായ സതീഷ് ഗോപി.
കവിത ചുവടെ:
കോട്ടയം സ്വദേശി
(പ്രിയപ്പെട്ട മമ്മൂക്കക്ക്)
സതീഷ് ഗോപി
എല്ലാ ആണുങ്ങളിലും
ഒരു കോട്ടയംകാരനുണ്ട്.
പിറന്നത്
പരപ്പനങ്ങാടിയിലോ,
വളര്‍ന്നത് വല്ലാര്‍പാടത്തോ
വീട് വച്ചത്
മിയാപ്പദവിലോ ആണെങ്കിലും
ചില നേരങ്ങളില്‍
അവന്റെ ഉടലില്‍
ഒരു കോട്ടയം കാറ്റ് കൂടുവെക്കും.
പഴുതാര മീശ പതുക്കെ പത്തിവിടര്‍ത്തും
കരയന്‍മുണ്ട് മുട്ടുകുത്തി മടങ്ങിക്കേറും
നട്ടെല്ലിലെ മുളയേണിയില്‍
കാരുരുമ്പിന്റെ ചുറ്റുഗോവണി നട വിളിക്കും.
വൈക്കത്തുനിന്നും പുറപ്പെട്ട്
ആന്ധ്ര മുതല്‍ മംഗലാപുരം വരെ
കാല്‍നട ചെയ്തവന്റെ
മുടിയരിവാള്‍
നെറ്റിയില്‍ വീഴും.
ചെമ്പില്‍നിന്ന് ഉദിച്ച താരസൂരന്റെ
ചെങ്കനല്‍ മുഖത്താളും.
വേവ്മണത്തില്‍നിന്ന്
അവന്‍ മീന്‍കറിയുടെ
ഉപ്പുപാകം പിടിച്ചെടുക്കും.
കുടമ്പുളിയുടെ പൗരുഷം പിഴിഞ്ഞ്
അവന്‍ മീന്‍ചട്ടിയെ
രുചിയുടെ ശബ്ദതാരാവലിയാക്കും.
ആടിന്റെ കുടലില്‍നിന്ന്
അവന്‍ നളന്റെ ഗീത വായിക്കും.
അഞ്ചപ്പവും മീനും കൊണ്ട്
അവന്‍ വിവര്‍ത്തനം ചെയ്യും.
ആണവരഹസ്യങ്ങളുടെ
പത്തുകല്‍പ്പനകള്‍.
സൗഹൃദങ്ങളില്‍ അവനെപ്പൊലെ
സ്നേഹിക്കപ്പെടുന്നവരില്ല.
സൗഗന്ധികം തേടിപ്പോകില്ല.
എങ്കിലും,
ഏതുനാട്ടിലെയും അള്‍ത്താര
അടച്ചുപൂട്ടിയാലും
അവന്റെ വിരല്‍തുമ്പില്‍
മങ്കുറുണിയുടെ നീലജ്വാലാമുഖം മിന്നും.
വഴി തെറ്റിയ അജങ്ങളെ
അവനെപ്പൊലെ
മറ്റാരും തേടിപ്പിടിക്കില്ല.
കത്തുന്ന നോട്ടം കൊണ്ട്
അവന്‍ ചോദ്യങ്ങളെ പിച്ചകപ്പൂക്കളാക്കും.
കലഹങ്ങളുടെ കുരിശെടുത്ത്
അവന്‍ തന്നെ
എപ്പോഴും മുമ്പില്‍ നട കൊള്ളും.
എങ്കിലും
അവനെ കോട്ടയംകാരാ
എന്നാരും വിളിക്കില്ല.
നിന്ന് കൊള്ളുമ്പോള്‍
നിലയ്ക്കാത്ത ഖേദങ്ങളില്‍നിന്ന്
‘ഞാനും അവനും തമ്മിലെന്ത്’
എന്ന ഒറ്റുവാചകം അവനെപ്പോലെ
മറ്റാരും കേള്‍ക്കുകയുമില്ല.
ഒറ്റപ്പെട്ടുപോയ
എല്ലാ ആണുങ്ങളും
കോട്ടയംകാരാണ്.
അവരെപ്പോലെ
ആത്മരാമായണം വായിക്കുന്ന
മറ്റുചിലര്‍ ഇല്ല.
എല്ലാ ആണുങ്ങളിലും
ഒരു കോട്ടയം കാരനുണ്ട്.
എന്നാല്‍,
എല്ലാ ആണുങ്ങളും കോട്ടയംകാരല്ല.

Get real time update about this post categories directly on your device, subscribe now.