സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് അറസ്റ്റ് കൂടി; പ്രതികള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പങ്കുള്ളതായി എന്‍ഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രണ്ടുപേരെ കൂടി എൻഐഎ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

മലബാർ മേഖലയിലെ സ്വർണവ്യാപാരികളെ കേന്ദ്രീകരിച്ചാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരുടെ അറസ്റ്റുകൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

വൈകീട്ടോടെയാണ് കൊച്ചി എൻഐഎ യൂണിറ്റ് മുഹമ്മദലി മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണം കടത്തിക്കൊണ്ടുവന്നതിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലും ഈ പ്രതികൾക്ക് പങ്കുള്ളതായി ആണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

കേസിൽ പിടിയിലായ മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ടു കേസുമായി ബന്ധമുള്ളതായി എൻഐഎ പറയുന്നു. പിടിയിലായ മറ്റൊരു പ്രതി മുഹമ്മദലി ജ്വല്ലറി ശൃംഖല ഉടമയാണ്. എൻഐഎയും കസ്റ്റംസും അന്വേഷണത്തിന്റെ ഓരോ ഘട്ടം പൂർത്തിയാക്കുമ്പൊഴും കൂടുതൽ അറസ്റ്റുകളിലേക്കാണ് കടക്കുന്നത്.

കേസിലെ മുഖ്യ കണ്ണിയായ റമീസിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ എൻഐഎക്ക്‌ ലഭിക്കുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് സംസ്ഥാനത്തിനു പുറത്തുള്ള പ്രതികളെ അന്വേഷണസംഘം കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലേക്ക് എത്തിച്ച സ്വർണ്ണത്തിൻറെ നല്ലൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോയതിന്റെ നിർണായക വിവരങ്ങളും എൻഐഎക്ക്‌ ലഭിച്ചിട്ടുണ്ട്.

എൻഐഎ അന്വേഷിക്കുന്ന തീവ്രവാദ ബന്ധത്തിനു സാധുത നൽകുന്നതാണ് ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയ സ്വർണം. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. അതേസമയം കസ്റ്റംസ് അന്വേഷണം സ്വർണവ്യാപാരികളെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.

ഇതിൻറെ ഭാഗമായി മലബാർ മേഖലയിലെ വിവിധ സ്വർണവ്യാപാരികളെ കേന്ദ്രീകരിച്ച് കസ്റ്റംസ് വിവിധ സംഘങ്ങളായി അന്വേഷണം നടത്തുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന സ്വപ്ന സരിത സന്ദീപ് എന്നിവരെ തിങ്കളാഴ്ചയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ ഹാജരാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News