നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന് നാടിന്‍റെ വിട; സംസ്‌കാരം ഇന്ന്

അന്തരിച്ച നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറത്തിന്റെ സംസ്‌കാരം ഇന്ന്. കോവിഡ് പരിശോധനാഫലം കൂടി ലഭ്യമായതിന് ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍. അറുന്നൂറിലേറെ പാട്ടുകളെഴുതിയ കലാകാരനെ കണ്ണാരോടെയാണ് പ്രിയപ്പെട്ട ആരാധകര്‍ യാത്രയാക്കുന്നത്.

മലപ്പുറം ആലങ്കോട് സ്വദേശിയാണ് ജിതേഷ് കക്കിടിപ്പുറം. പെയിന്റിങ് തൊഴിലാളിയായിരുന്നു. അക്കാലത്തുതന്നെ ആതിരമുത്തന്‍ എന്ന നാടന്‍ പാട്ടുസംഘത്തോടൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ചു. 1992ലെഴിതി ജിതേഷ് തന്നെ പാടിയ കൈതോലപ്പായ വിരിച്ചെന്ന ഗാനം മലയാളികളുടെ മനസ്സില്‍ ഇടംനേടി. പിന്നീടെഴുതിയ പാലോം പാലോം നല്ലപാലോമെന്ന ഗാനവും മലയാളികള്‍ ഏറ്റുപാടി.

പക്ഷെ ആ കലാകാരനെ ആരുമറിഞ്ഞില്ല. കാലം കുറേക്കഴിഞ്ഞ് ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് ജിതേഷിനെ മലയാളികള്‍ തിരിച്ചറിഞ്ഞത്. പിന്നീട് പ്രശസ്തി തേടിയെത്തിയപ്പോഴും സുഹൃത്തുക്കളോടൊപ്പം സാധാരണക്കാരനായി ജിതേഷ് നടന്നു. നാടകങ്ങള്‍ക്കും പിന്നീട് സിനിമയ്ക്കും പാട്ടെഴുതി. അറുന്നൂറിലേറെ പാട്ടുകള്‍.

പന്ത് എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. കരള്‍ രോഗ ബാധിതനായി ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങരം കുളത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. എടപ്പാള്‍ സണ്‍റൈസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് പരിശോധനാ ഫലം ലഭ്യമായ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പെടെയുള്ള നടപടികള്‍. തുടര്‍ന്നായിരിക്കും സംസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here