പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനായി പതിവായി തൂവെള്ള വസ്ത്രം ധരിച്ച് ചിത്രയെത്തും. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ചിത്ര അഭയന്‍. ലോക്ക് ഡൗൺ കാലത്താണ് പട്ടിണിയിലായ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങിയത്.

വൈകുന്നേരം 5.30ന് ചിത്ര ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങുമ്പോൾ ഭര്‍ത്താവ് അഭയന്‍ ഗേറ്റിൽ കാത്ത് നിൽപുണ്ടാവും… കൈയ്യിലൊരു പാത്രവുമായി. അത് വാങ്ങി നേരെ ഇരുചക്രവാഹനത്തിൽ വെച്ച് യാത്ര തുടങ്ങും. തെരുവില്‍ കാത്തിരിപ്പുണ്ട് വിശപ്പിന്‍റെ വിളിയുമായി അവര്‍. ചിറ്റൂർ റോഡിലും IMA ജംഗ്ഷനിലും സിവില്‍ സ്റ്റേഷന് അരികിലുമെല്ലാമായി ക‍ഴിയുന്ന തെരുവ് നായ്ക്കള്‍ക്കിടയിലേക്ക്….


ചിത്രയുടെ ഇരുചക്ര വാഹനം ദൂരെ നിന്ന് കാണുന്പോള്‍ തന്നെ നായ്ക്കള്‍ ഓടിയെത്തും. പതിവായി ഭക്ഷണവുമായെത്തിത്തുടങ്ങിയതോടെ ഇപ്പോള്‍ കാക്കകളും സ്നേഹത്തിന്‍റെ രുചി നുണയാനായി പറന്നെത്തി തുടങ്ങിയിട്ടുണ്ട്. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഇവര്‍ക്കുള്ള ഇറച്ചിച്ചോറ് തയ്യാറാക്കി വെക്കും. കൊവിഡ് പ്രതിസന്ധിയില്‍ ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം തുടങ്ങിയത്.

വൈകുന്നേരം ആശുപത്രി വിട്ടിറങ്ങിക്ക‍ഴിഞ്ഞാല്‍ രാത്രി 7.00 മണി വരെ നീളും തെരുവ് നായ്ക്കള്‍ക്കുള്ള ഭക്ഷണ വിതരണം. റോഡിലേക്ക് വാഹനത്തില്‍ നിന്ന് ഭക്ഷണമാലിന്യങ്ങളടക്കം വലിച്ചെറിയുന്നവരുണ്ട്. അരുതെന്നാണ് അവരോട്ചിത്രക്ക് പറയാനുള്ളത്. ഭക്ഷണം നല്‍കുന്നതിനിടെ കാണേണ്ടി വന്ന ദുരന്തത്തിന്‍റെ ഓര്‍മയില്‍ നിന്നാണ് ഇതു പറയുന്നത്.

പരുക്കേറ്റ നായ്ക്കളെ ഏറ്റെടുക്കുകയും ചികിത്സയൊരുക്കുകയും ചെയ്യുന്ന ഈ ആരോഗ്യ പ്രവര്‍ത്തകയുടെ ന്യൂസിവിൽ നഗർ കോളനിയിലെ വീട്ടില്‍ വിദേശ ഇനമുള്‍പ്പെടെ ആറ് നായ്ക്കളുണ്ട്. വളര്‍ത്താന്‍ ക‍ഴിയാതെ ചിലര്‍ എല്‍പിച്ചതും തെരുവില്‍ നിന്ന് കണ്ടെത്തിയവയെയുമെല്ലാമാണ് വീട്ടില്‍ വളര്‍ത്തുന്നത്. രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബം ചിത്രയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.

ലോകം പകച്ചു നില്‍ക്കുന്ന കൊവിഡ് കാലത്ത് ജീവജാലങ്ങളോടുള്ള കരുതലുമായി തുടങ്ങിയ പ്രവൃത്തി ജീവിതത്തിന്‍റെ ഭാഗമായി തുടരാന്‍ തന്നെയാണ് ചിത്രയുടെ തീരുമാനം. വിശപ്പിൻ്റെ വേദനയ്ക്ക് മനുഷ്യനെന്നോ മറ്റു ജീവജാലങ്ങളെന്നോ വ്യത്യാസമില്ല. വിശപ്പിൻ്റെ വിലയറിഞ്ഞ് ചിത്ര തുടരുന്ന സത്പ്രവൃത്തി ഈ മഹാമാരിയുടെ കാലത്ത് കണ്ട മനസ് നിറയ്ക്കുന്ന നൻമയുടെ
കാഴ്ചകളിലൊന്നാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News