ഭീമ കൊറെഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്‌ത ഹനി ബാബുവിൻ്റേയും ഡൽഹി സർവ്വകലാശാല അധ്യാപിക ജെന്നി റൊവീനയുടെയും വീട്ടിൽ വീണ്ടും എൻഐഎ റെയ്‌ഡ്.
രാവിലെ പരിശോധന നടത്തിയ പന്ത്രണ്ടംഗ സംഘം പെൻഡ്രൈവും ഒരു ഹാർഡ് ഡിസ്ക്കും കൊണ്ടു പോയെന്ന് ജെന്നി റൊവീന പറഞ്ഞു.
ഭീമ കൊറെഗോവ് സംഘർഷം അന്വേഷിക്കുന്ന എൻഐഎ സംഘം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചൊവ്വാഴ്‌ചയാണ് ഡൽഹി സർവ്വകലാശാല അധ്യാപകൻ ഹനി ബാബുവിനെ അറസ്റ്റു ചെയ്‌തത്. എൻഐഎ കോടതി ഹനി ബാബുവിനെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.
തെളിവെടുപ്പിനെന്ന പേരിൽ ഇന്ന് രാവിലെ ഏഴരയ്ക്കാണ് പന്ത്രണ്ട് എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്നതെന്ന് ഹനിബാബുവിൻറെ ഭാര്യ ഡൽഹി മിറാൻഡ് കോളേജ് ഇംഗ്ലീഷ് അധ്യാപിക ജെന്നി റൊവീന പറഞ്ഞു.
രണ്ടു മണിക്കൂർ പരിശോധന നടത്തി. കഴിഞ്ഞ തവണ പിടിച്ചെടുത്ത അതേ പുസ്‌തകം ഉൾപ്പടെ ചിലതൊക്കെ എടുത്തു കൊണ്ടു പോയെന്നും ജെന്നി അറിയിച്ചു. ഭീമ കൊറെഗാവ് കേസിൽ ഹനി ബാബു പ്രധാന സൂത്രധാരിൽ ഒരാളെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.
എന്നാൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലായ ജി എൻ സായിബാബയുടെ മോചനത്തിനായ ശബ്ദമുയർത്തിയതിന് പ്രതികാരം തീർക്കുകയാണെന്ന് ഹനിയും ജെന്നിയും പറയുന്നു. ജെന്നി റൊവീനയുടെ വീട്ടിൽ നടന്ന റെയിഡിൽ ഡൽഹി സർവ്വകലാശാ അധ്യാപക അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

Get real time update about this post categories directly on your device, subscribe now.