ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഒരു ചാനല്‍ പറഞ്ഞതാണ് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്ഥരാക്കിയതെന്ന് മന്ത്രി എകെ ബാലന്‍.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫ്-ബിജെപി സമര പ്രഖ്യാപനം, ഏത് സാഹചര്യത്തിലാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സമര പ്രഖ്യാപനമെന്നും എകെ ബാലന്‍ പറഞ്ഞു.

ഒരു പ്രതിസന്ധി നാട് നേരിടുമ്പോള്‍ ആ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി ചോദിച്ചു.

കേരള സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എല്ലാം അന്വേഷിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. എന്ത് ന്യായമായ കാരണത്താലാണ് സമരം. ആര്‍എസ്എസും ബിജെപിയുമായി അവിശുദ്ധ ബന്ധമാണ് യുഡിഎഫിന്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനോട് ചോദിക്കുന്നതില്‍ ഒരു ചോദ്യം പോലും ബിജെപിയോട് ചോദിക്കാത്തത്. കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 16 കണ്‍സള്‍ട്ടന്‍സിയാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 6 കണ്‍സള്‍ട്ടന്‍സികളാണെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് ചെയ്യുമ്പോള്‍ അത് നല്ലത്. എല്‍ഡിഎഫ് ചെയ്യുമ്പോള്‍ അഴിമതി. ഇതെന്ത് നിലപാടാണ്. കണ്‍സള്‍ട്ടന്‍സി, പിഎസ്‌സി നിയമനം എല്ലാത്തിലും ഇതാണ് കാണുന്നത്. ഒരു അഴിമതിയായി സര്‍ക്കാരിനെതിരെ ഒരു വിഷയം കൊണ്ടുവരുമ്പോള്‍ അത് നിങ്ങളെയും ബാധിക്കുന്നതാകുമെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ബിജെപിയോടും ആര്‍എസ്എസിനോടും ഒരു ചോദ്യവുമില്ല. അവരെ പിണക്കാന്‍ സാധിക്കില്ല. രാഷ്ട്രീയമായിട്ട് നേരിടാന്‍ തയ്യാറാണ്. എന്നാല്‍ അതിനായി നിലവാരം തകര്‍ക്കുന്ന കല്ലുവച്ച നുണ ഉപയോഗിക്കരുത്. ഇത് കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണത്തില്‍ വസ്തുത ഉണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News