ഐപിഎല്ലിന് സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍; ”ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം”

ദില്ലി: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്പോണ്‍സര്‍മാരെ അനുവദിക്കുന്നതിനെ വിമര്‍ശിച്ചും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചവരെ പരിഹസിച്ചും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്ത്.

ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍: ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമ്പോഴാണ് ഐപിഎലിന് ചൈനീസ് മൊബൈല്‍ കമ്പനിയെ സ്പോണ്‍സര്‍മാരായി തുടരാന്‍ അനുവദിക്കുന്നത്.

ചൈനീസ് പണം, നിക്ഷേപം, സ്പോണ്‍സര്‍ഷിപ്പ്, പരസ്യം എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ നമ്മള്‍ക്ക് കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇതു സംഭവിക്കുന്നത് കാണാന്‍ വേണ്ടി മാത്രം ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്നു താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.

ചൈനീസ് സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടെന്നാണ് സംശയം.- ഒമര്‍ ട്വീറ്റ് ചെയ്തു.

അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20ക്ക് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി നിലനിര്‍ത്താമെന്ന് ബിസിസിഐ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here