സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും, സരിത്തിനെയും, സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു.

അപേക്ഷ ഫയലില്‍ സ്വീകരിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ മറ്റന്നാള്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.

അതേസമയം കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കേസ് ഡയറി എന്‍ഐഎ നാളെ കോടതിയില്‍ സമര്‍പ്പിക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹവാലപ്പണം ഒ‍ഴുകിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും സരിത്തിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.

കസ്റ്റഡി അപേക്ഷ ഫയലില്‍ സ്വീകരിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജയിലില്‍ ക‍ഴിയുന്ന പ്രതികളെ മറ്റന്നാള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റന്നാള്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോടികള്‍ മൂല്യമുളള സ്വര്‍ണ്ണം അനധികൃതമായി എത്തിയതോടെ ഇതില്‍ കളളപ്പണം ഒ‍ഴുകിയിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ഫോ‍ഴ്സ്മെന്‍റും അന്വേഷണം ആരംഭിച്ചത്.

അതിനിടെ സ്വര്‍ണ്ണക്കടത്തില്‍ തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന കേസ് ഡയറി എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും. സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോ‍ഴായിരുന്നു എന്‍ഐഎ കോടതി തീവ്രവാദ ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

കേസില്‍ എന്‍ഐഎ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ ടി റെമീസിനെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതല്‍ പ്രതികളിലെക്കെത്തിയത്. മൂവാറ്റുപു‍ഴ സ്വദേശികളായ മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരുടെ അറസ്റ്റാണ് ഒടുവില്‍ രേഖപ്പെടുത്തിയത്.

കോളേജധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ പ്രതിയാക്കപ്പെടുകയും വിചാരണക്കോടതി വെറുതെ വിടുകയും ചെയ്തയാളാണ് മുഹമ്മദ് അലി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ ഉള്‍പ്പെടെയുളള പ്രതികള്‍ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

പ്രതികളുടെ വീടുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. തീവ്രവാദബന്ധം തെളിയിക്കാനായി അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News