‘മുരളീധരന്‍ എന്റെ മെക്കിട്ട് കയറുകയല്ല ചെയ്യേണ്ടത്; അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ല’; വി മുരളീധരന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: യുഎഇയുമായുള്ള ബന്ധത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച വി മുരളീധരനെതിരെ മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. മുരളീധരന്‍ എന്റെ മെക്കിട്ട് കയറുകയല്ല ചെയ്യേണ്ടത്.

റംസാന്‍ കിറ്റ് നല്‍കലും ഖുര്‍ആന്‍ കോപ്പി വിതരണവും ഇന്ത്യയില്‍ നടക്കില്ലെന്ന് യുഎഇ ഭരണാധികാരികളെ കേന്ദ്രമാണ് അറിയിക്കേണ്ടതെന്ന് കെ ടി ജലീല്‍ പറഞ്ഞു. അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ലെന്നും. മടിയില്‍ കനമില്ലാത്തവന്‍, വഴിയില്‍ ആരെപ്പേടിക്കണമെന്നും മന്ത്രി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിനും മന്ത്രി കെ ടി ജലീലിനും യു എ ഇയുമായുള്ള ബന്ധത്തെയും കോണ്‍സുലേറ്റില്‍ നിന്ന് മന്ത്രി റംസന്‍ കിറ്റുകള്‍ കൈപ്പറ്റി വിതരണെ ചെയ്തതിനെ പറ്റിയും കേന്ദ്ര മന്ത്രി വി മുരളീധരന്‍ വര്‍ഗീയപരമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു ഇതിന് മറുപടിയാണ് കെ ടി ജലീല്‍ തന്റെ ഫേസ് ബുക്കിലൂടെ നല്‍കിയത്.ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത് ഊഷ്മള ബന്ധമാണ്.

നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇ ല്‍ ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യുഎഇ സന്ദര്‍ശന വേളയില്‍ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും അതിനാവശ്യമായ സ്ഥലവും യുഎഇ ഭരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു.

അതിനാവശ്യമായ ഏക്കര്‍ കണക്കിന് സൗജന്യ ഭൂമിയുമാണ് അവര്‍ നല്‍കിയത്.കാശ്മീര്‍ പ്രശ്‌നത്തില്‍, അന്താരാഷ്ട്ര വേദികളില്‍ യുഎഇ ഇന്ത്യക്ക് അനുകൂല നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും അവര്‍ പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്നതായി കേട്ടിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

അങ്ങിനെയുള്ള ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് റംസാന്‍ ഭക്ഷണക്കിറ്റുകളും,വര്‍ഷങ്ങളായി നല്‍കിവരാറുള്ള വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും,വിതരണം ചെയ്യാനുള്ള സൗകര്യം അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് സാഹചര്യം ഒരുക്കിക്കൊടുത്തതാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിലരിപ്പോള്‍ വിശേഷിപ്പിക്കുന്നത്. എങ്ങിനെയാണിത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും മന്ത്രി ചോദിക്കുന്നു.

യുഎഇ കോണ്‍സുലേറ്റ് ചെയ്ത തീര്‍ത്തും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഒരു പ്രവര്‍ത്തിയെ, ഇകഴ്ത്തിക്കാണിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍, എന്റെ മെക്കട്ട് കയറുകയല്ല ചെയ്യേണ്ടത്. റംസാന്‍ കിറ്റ് നല്‍കലും ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യലും ഇന്ത്യയില്‍ ഇനിമേലില്‍ നടക്കില്ലെന്ന് യുഎഇ ഭരണാധികാരികളെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്.

അതിനുള്ള ആര്‍ജ്ജവം കാണിക്കാതെ ജനങ്ങളെ ഭിന്നിപ്പിക്കാനുതകുന്ന പ്രസ്താവനകള്‍ നടത്തുന്നത് ശരിയാണോ എന്നും രാജ്യദ്രോഹം, പ്രോട്ടോകോള്‍ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആര്‍ക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയില്‍ കനമില്ലാത്തവന്‍, വഴിയില്‍ ആരെപ്പേടിക്കണമെന്നും തന്റെ ഫേസ്ബുക്കില്‍ മന്ത്രി കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here