സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.

കൊവിഡ് പ്രതിരോധത്തിനായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിക്കും. ഒാരോ പ്രദേശങ്ങ‍ളിലെ നിയന്ത്രിത മേഖല തയാറാക്കാനും പൊലീസ് സംഘമുണ്ടാകും. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാകും പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കുക.

നിയന്ത്രിത മേഖലയിൽ അടച്ചിടൽ കർശനമായി നടപ്പാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ഡിജിപി നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രിത മേഖലയ്ക്ക് പുറത്തും പൊലീസ് കർശന പരിശോധന നടത്തും. എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. ബസ് സ്റ്റാൻഡുകളിലും ചന്തകളിലും ആൾക്കൂട്ടം അനുവദിക്കില്ല. വിവാഹ വീടുകൾ, മരണ വീടുകൾ എന്നിവ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കും. പച്ചക്കറി,മത്സ്യ മാർക്കറ്റുകൾ, തുറമുഖം എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തും. ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും.

കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ പോലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. കണ്ടെയിന്‍മെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും.

നിയന്ത്രിത മേഖലയിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും നിര്‍ദ്ദേശം ഡിജിപി നല്‍കിയിട്ടുണ്ട്. നിയന്ത്രിതമേഖല പൊലീസ് നിർണയിക്കും. ജില്ല പൊലീസ് മേധാവിമാർക്കാണ് ഇതിന്റെ ചുമതല
ജില്ലാതല മേൽനോട്ട സമിതിയിൽ ജില്ല പൊലീസ് മേധാവിയുമുണ്ടാകും. പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ഐ ജി വിജയ് സാഖറെയ്ക്ക് ആണ്. ഒരാഴ്ച കൊണ്ട് പരമാവധി രോഗികളുടെ എണ്ണം കുറയ്ക്കാനാണ് പൊലീസിന് നിർദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാൽ ഗൗരവമായി കാണുമെന്നും ഒരാഴ്ച കഴിയുമ്പോൾ കാര്യങ്ങൾ അവലോകനം ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി.

നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍റന്‍റ് നവനീത് ശര്‍മ്മ (തിരുവനന്തപുരം റൂറല്‍), ഐ.ജി ഹര്‍ഷിത അത്തലൂരി (കൊല്ലം സിറ്റി), ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ (മലപ്പുറം), ഐ.ജി അശോക് യാദവ് ( കോഴിക്കോട് സിറ്റി, റൂറല്‍), ഡി.ഐ.ജി കെ. സേതുരാമന്‍ (കാസര്‍കോട്) . കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഇതിന്‍റെ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News