കോണ്ഗ്രസ് ഫോട്ടോഷോപ്പ് വീണ്ടും പൊളിഞ്ഞു; ഞെട്ടിയത് മുസ്ലീം ലീഗും, തിരിച്ചടിച്ച് കള്ളക്കഥ; പോസ്റ്റർ പറയുന്ന സത്യമിതാണ്…

ഒരു പോസ്റ്റർ പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോണ്ഗ്രസ് – ലീഗ് ഫോട്ടോഷോപ്പ് വിദഗ്ദർ.എന്നാൽ ഇക്കാര്യത്തിലെ സാങ്കേതികജ്ഞാനത്തിന്‍റെ അഭാവത്തിൽ സംഘപരിവാർ കൂട്ടങ്ങളിൽ നിന്ന് വ്യത്യസ്തരല്ല തങ്ങൾ എന്ന് തെളിയിക്കുകയാണ് വീണ്ടുമവർ. ഇപ്പോ‍ഴിതാ വീണ്ടും പൊളിഞ്ഞിരിക്കുന്നു ഒരു ഫോട്ടോഷോപ്പ് അപാരത.

സംഭവമിതാണ്, ഒരു പ‍ഴയ പോസ്റ്റർ, അതിൽ ഒരു ബിജെപി സ്ഥാനാർത്ഥിയെ എൽ ഡി എഫ് പിന്തുണക്കുന്നു എന്നാണ് എ‍ഴുതിയിരിക്കുന്നത്.ബത്തേരി പഞ്ചായത്തിലെ പതിനാലാം വാർഡ് പൂതിക്കാടാണ്
പോസ്റ്ററിൽ പറയുന്ന സ്ഥലം. സുരേഷ് ബാബുവെന്നാണ് സ്ഥാനാർത്ഥിയുടെ പേര്. ക‍ഴിഞ്ഞ ദിവസം ഒരു പത്രത്തിലടക്കം ഇത് സംബന്ധിച്ച് വാർത്ത വന്നിരുന്നത്രേ. പോസ്റ്റർ കോണ്ഗ്രസ് ഗ്രൂപ്പുകളിലൊക്കെ
ചറപറാ പോസ്റ്റ് ചെയ്ത് ഉറങ്ങാൻ കിടന്ന വിദഗ്ദർ ഉറങ്ങിയെ‍ഴുന്നേറ്റപ്പോൾ സത്യവും പുറത്ത് വന്നിരിക്കുകയാണ്.

വസ്തുതയറിയാൻ അൽപം പിന്നോട്ട് സഞ്ചരിക്കണം.2004 ലെ തദ്ധേശതെഞ്ഞെടുപ്പ്. നാട്ടിൽ പാട്ടായ കോലീബീ അ‍വിശുദ്ധ സഖ്യങ്ങൾ പ്രദേശികതലങ്ങളിൽ വരെ ശക്തം.സംഭവം നടക്കുന്നത് വയനാട്ടിലെ ബത്തേരിയിൽ തന്നെ. സ്ഥലവും പൂതിക്കാട്.എന്നാൽ പിന്തുണയുടെ കാര്യത്തിലെ വെട്ടിത്തിരുത്തലാണ് യുഡിഎഫിനെ തന്നെ ഇപ്പോൾ തിരിച്ചടിക്കുന്നത്‌ . കോണ്ഗ്രസ് വിട്ട് കരുണാകരൻ ഡി ഐ സിയുണ്ടാക്കിയ കാലം.എൽ ഡി എഫും,ഡി ഐ സിയും തമ്മിൽ സംസ്ഥാന തലത്തിലെ തീരുമാനപ്രകാരം നീക്കുപോക്കുണ്ട്. പലയിടത്തും പ്രതികൂലമായ സാഹചര്യമുണ്ടാക്കിയതോടെ യു ഡി എഫിന് വ‍ഴി ഒന്നേയുണ്ടായിരുന്നുള്ളു.

ബിജെപിയുടെ അല്ലറ ചില്ലറ വോട്ടുകൾ കൂടി വാങ്ങാൻ അങ്ങനെ കരാറായി! യു ഡി എഫ് പിന്തുണക്കുന്ന ബിജെപി സ്ഥാനാർത്തിക്ക് വോട്ട് നൽകൂ എന്നഭ്യർത്ഥിച്ചായിരുന്നു ബത്തേരി പഞ്ചായത്തിൽ വോട്ടഭ്യർത്ഥന.പകരം ബിജെപി മത്സരിക്കുന്ന ചെതലയം, മണിച്ചിറ പോലുള്ള വാർഡുകളിൽ തിരിച്ചും സഹായമുണ്ടായിരുന്നു.താമരപോസ്റ്ററുമായി വീടുകൾ കയറിയിറങ്ങിയ കോൺഗ്രസുകാരെയും ലീഗുകാരെയും കണ്ട്‌ ജനങ്ങൾ ഊറിച്ചിരിച്ച കാലം.

ഐ യു എം എൽ ആണ് പരസ്യപിന്തുണ താമരക്ക്പ്രഖ്യാപിച്ച് പോസ്റ്ററടിച്ചതും പ്രചാരണം നടത്തിയതും. ഇതിന് പിന്നിലെ കാരണവും രസകരമാണ്.യുഡിഎഫ് സ്ഥാനാർത്ഥിയായി മണിച്ചിറയിൽ മത്സരിക്കുന്നത് മുസ്ലിം ലീഗിലെ പി പി അയൂബ്. പൂതിക്കാടിൽ താമരയിൽ സുരേഷ് ബാബുവും,എൽ ഡി എഫ് പിന്തുണയിൽ കുട്ടപ്പൻ സിപിയും.തൊട്ടടുത്ത വാർഡുകൾ. പൂതിക്കാടിൽ ഇടക്ക് ബിജെപിയുടെ പ്രചാരണപരിപാടിയിൽ യു ഡി എഫ് സജീവമല്ല എന്നയാരോപണമുയർന്നു.ഇതോടെ അയൂബിനായുള്ള പ്രചാരണം ബിജെപിയും ഒന്ന് കുറച്ചു.ഇതോടെ തങ്ങൾ സജീവമാണെന്ന് അറിയിക്കാൻ അയൂബ് പ്രവർത്തകരെ കൊണ്ട് പൂതിക്കാട് വെപ്പിച്ച ബോർഡാണ് ഈ കാണുന്നത്.രഹസ്യമായിട്ടല്ല.പരസ്യമായായിരുന്നു ആ കൂട്ട് എന്നതിന് ഇതിനോളം തെളിവ് മറ്റൊന്നാവശ്യമുണ്ടോ.

അന്ന് മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പോലും പറയുന്ന ഈ കഥയിലെ പോസ്റ്ററാണ് ഐയുഎംഎൽ എന്നത് മാറ്റി എൽ ഡി എഫ് എന്നാക്കി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്.മറ്റൊരു കാര്യം പഞ്ചായത്ത് രൂപീകരണ കാലം ക‍ഴിഞ്ഞ് ഇന്നോളം ബത്തേരിയിൽ സുരേഷ് ബാബു എന്ന പേരിൽ ഒരാൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായോ സ്വതന്ത്ര്യനായോ മത്സരിച്ചിട്ടേയില്ല എന്നതാണ്.

ബത്തേരിയിൽ ബി ജെ പിക്ക്‌ അക്കൗണ്ട്‌ തുറപ്പിച്ചതും ഈ കാലത്ത്‌ യു ഡി എഫ്‌ ആണെന്നതാണ്‌ മറ്റൊരു യാഥാർത്ഥ്യം. പഞ്ചായത്ത്‌ രണ്ടാം വാർഡിൽ യുഡിഎഫ്‌ പിന്തുണയോടെ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചതോടെയാണിത്‌.കാലം പിന്നെയും കടന്നുപോയി.ബത്തേരി പഞ്ചായത്ത്‌ നഗരസഭയായി.ഇപ്പോൾ ഭരിക്കുന്നത്‌ എൽ ഡി എഫ്‌!

ചെറിയൊരു കഥ കൂടിയുണ്ട്‌.അന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ ബാബു നിലം തൊട്ടില്ല.കുട്ടപ്പൻ സി പി 337 വോട്ടുകൾക്കാണ് അ‍വിശുദ്ധ സഖ്യത്തെ നിലം പരിശാക്കിയത്! അത്‌ മറ്റൊരു ചരിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here