സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എൻഐഎ കേസ് ഡയറി ഇന്ന് കോടതിയിൽ സമർപ്പിക്കും

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജൂലൈ 29ന് ജാമ്യാപേക്ഷ പരിഗണിക്കവേ കേസ് ഡയറി ഹാജരാക്കാൻ എൻഐഎ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിന്റെ ഇത് വരെയുള്ള അന്വേഷണ പുരോഗതി വിശദമാക്കി.എൻഐഎ കേസ് ഡയറി ഇന്ന് കോടതിയിൽ സമർപ്പിക്കും.അതേ സമയം സ്വപ്ന സരിത്ത് സന്ദീപ് എന്നീ പ്രതികൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ സമർപ്പിച്ച കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.

ജാമ്യാപേക്ഷ സമർപ്പിച്ചത് മുതൽ കേസിൽ തീവ്രവാദ ബന്ധം ഉന്നയിച്ച യുഎപിഎ ചുമത്തിയത് അനാവശ്യമായിരുന്നു എന്ന വാദമാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 29 ന് കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറി ഹാജരാക്കാൻ കോടതി എൻഐഎ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചത്. ഇന്ന് വീണ്ടും സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം സംബന്ധിക്കുന്ന എല്ലാ കണ്ടെത്തലുകളും കോടതിക്ക് മുൻപിൽ അക്കമിട്ട് നിരത്താനാണ് എൻഐഎ ഒരുങ്ങുന്നത്.

കേസിൽ പി‍ടിയിലായ റെമീസിൽ നിന്നും കേസിലെ തീവ്രവാദബന്ധവുമായി സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങിയ മൊഴി ശേഖരിക്കാൻ എൻഐഎ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. റെമീസിൽ നിന്ന് കണ്ടെത്തിയ അമ്പതോളം സിമ്മുകളും ഫോണുകളും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേരെ രാജ്യദ്രോഹകുറ്റവുമായി എൻഐഎ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ആറോളം ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

അതെ സമയം സ്വര്ണക്കടത്തിലെ ഹവാല പണത്തെ കുറിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. കോടികള്‍ മൂല്യമുളള സ്വര്‍ണ്ണം അനധികൃതമായി എത്തിയതോടെ ഇതില്‍ കളളപ്പണം ഒ‍ഴുകിയിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എന്‍ഫോ‍ഴ്സ്മെന്‍റും അന്വേഷണം ആരംഭിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച സ്വപ്ന സരിത്ത് സന്ദീപ് എന്നിവരുടെ പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി നാളെയാണ് പരിഗണിക്കുന്നത്. കസ്റ്റംസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here