കനിവിന്‍റെ തണലായി 108; കൊവിഡ് രോ​ഗികള്‍ക്കുവേണ്ടി മാത്രം 11,484 സർവീസുകള്‍

ആറുമാസത്തിനിടെ കൊവിഡ് രോ​ഗികള്‍ക്കുവേണ്ടി മാത്രം 11,484 സർവീസുകള്‍. വിജനമായ തെരുവിലൂടെ ആശുപത്രിയില്‍നിന്ന് ആശുപത്രിയിലേക്കായി ഈ പരക്കംപാച്ചില്‍ നടത്തിയത് മറ്റാരുമല്ല, മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള അവര്‍തന്നെ, 108 ആംബുലന്‍സ് അഥവാ കനിവ്.

സംസ്ഥാനത്താകെ കൊവിഡിനെതിരെ തുടക്കംമുതൽ മുൻനിരയിലുണ്ട് കനിവ്‌ ടീം. കൊവിഡ്‌ വ്യാപനം രൂക്ഷമായ തലസ്ഥാനത്തെ അവരുടെ സേവനം വിലമതിക്കാവുന്നതല്ല.

ജനുവരി 30 മുതൽ ജൂലൈ 31 വരെമാത്രം കൊവിഡുമായി ബന്ധപ്പെട്ട 11,484 ട്രിപ്പുകളാണ്‌ കനിവ്‌ ആംബുലൻസുകൾ നടത്തിയത്‌. ജില്ലയിൽ 29 ആംബുലൻസുകളിലായി 113 ജീവനക്കാരാണ്‌ 24 മണിക്കൂർ സേവനസന്നദ്ധരായി പ്രവർത്തിക്കുന്നത്‌.

ഇതിൽ 55 എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻസും (ഇഎംടി/നേഴ്‌സ്‌) 58 പൈലറ്റുമാരും (ഡ്രൈവർ) ഉണ്ട്‌. അതിനിടെ ഒരു ഇഎംടി ജീവനക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ലക്ഷണം കാണിച്ച 31 ജീവനക്കാർക്ക്‌ ആന്റിജൻ പരിശോധന നടത്തി.

എല്ലാവർക്കും നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന വരുംദിവസങ്ങളിലുണ്ടാകും. ഈ ആംബുലൻസുകളെല്ലാം പല ആശുപത്രികളിലാണ്‌ നിര്‍ത്തിയിടുന്നത്‌. ഇവിടങ്ങളിൽതന്നെ ജീവനക്കാർക്ക്‌ താമസൗകര്യവും ഉണ്ട്‌. പലരും സ്വന്തം വീടുകളിൽ പോയിട്ട്‌ മാസങ്ങളായി.

മറ്റുചിലരാകട്ടെ ഒരാഴ്ചത്തെ ജോലിക്ക്‌ ശേഷം വീടുകളിൽ പോയി തിരികെയെത്തി ജോലിയിൽ സജീവമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ പ്രവാസികൾ എത്തിയപ്പോൾ അവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിച്ചതും കനിവിലെ പോരാളികളായിരുന്നു.

2010ൽ ആരംഭിച്ച 108 ആംബുലൻസ്‌ സർവീസ്‌ 2019ലാണ്‌ കനിവ്‌ എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്‌. 2019 സെപ്‌തംബർ 17ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്. ജിവികെ ഇഎംആർഐ എന്ന കമ്പനിക്കാണ്‌ കനിവ്‌ ആംബുലൻസുകളുടെ ചുമതല.

കൊവിഡിൽ ഒതുങ്ങാത്ത കനിവ്

തലസ്ഥാനത്ത്‌ കൊവിഡ്‌ വ്യാപനം ശക്തമായതോടെ 108 ആംബുലൻസുകൾ പൂർണമായും കൊവിഡ്‌ പ്രതിരോധത്തിനായി മാറ്റിവച്ചിരുന്നു. എന്നാൽ മറ്റ്‌ അത്യാഹിത ആവശ്യങ്ങൾക്കുകൂടി ആംബുലൻസ്‌ സേവനം ഇനിമുതൽ ലഭ്യമാക്കാനാണ്‌ പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here