കൊവിഡ് പ്രതിരോധം; ത്രീ ലയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് ഐജി വിജയ് സാക്കറെ; 14 ദിവസത്തിനകം കൊവിഡ് വ്യാപനം നിയന്ത്രിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാണെന്ന് നോഡല്‍ ഓഫീസര്‍ ഐജി വിജയ് സാക്കറെ. ത്രീ ലയര്‍ ആക്ഷന്‍ പ്ലാനാണ് നടപ്പിലാക്കുക. നിയന്ത്രിത മേഖലകളില്‍ ഹോം ഡെലിവറി കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി പൊലീസിന്റെ സഹായം നല്‍കുമെന്നും വിജയ് സാക്കറെ കൊച്ചിയില്‍ പറഞ്ഞു.

14 ദിവസത്തിനകം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും വിജയ് സാഖറെ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമാണ്. ഇത് തുടര്‍ന്നും നടപ്പാക്കും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ രോഗവ്യാപനം തടയാനാകില്ല. നിരവധി രോഗബാധിതര്‍ താമസിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവരില്‍ നിന്നും മറ്റുള്ളവരിലേക്കുള്ള സമ്പര്‍ക്കം തടയുക പരമപ്രധാനമാണെന്ന് ഐജി പറഞ്ഞു.

ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പാക്കും. ഇതിന് പൊലീസ് സേനയ്ക്ക് പുറമേ, സാങ്കേതികവിദ്യയുടെ സഹായം കൂടി ഉപയോഗപ്പെടുത്തും. പൊലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെ വീടുകളില്‍ എത്തിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.

വൈറസിന്റെ ജീവിതചക്രം 14 ദിവസമാണ്. ഇതിനകം രോഗബാധിതന്റെ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കാനും രോഗപ്പകര്‍ച്ച തടയാനും കഴിഞ്ഞാല്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാനാകും എന്നതില്‍ സംശയം വേണ്ടെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

ജില്ലാ അതിര്‍ത്തികളില്‍ അടക്കം നിയന്ത്രണം കര്‍ശനമാക്കും. രണ്ടാംഘട്ടത്തില്‍ പോസിറ്റീവ് കേസുകളുള്ളവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കും. ഇവിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിനുള്ള വഴികള്‍ അടയ്ക്കും. മൂന്നാംഘട്ടമായി രോഗബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം വീടുകളില്‍ തന്നെ, അല്ലെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ തന്നെ തുടരുന്നു എന്നുറപ്പു വരുത്തുമെന്നും വിജയ് സാഖറെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News